സ്വന്തം ലേഖകന്‍: പുരോഗമന വാദിയായ റുഹാനിയോ യാഥാസ്ഥിതികനായ റയീസിയോ? ഇറാന് ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഇറാന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലുള്ള പ്രസിഡന്റും പുരോഗമനവാദിയുമായ ഹസന് റൂഹാനിയും യാഥാസ്ഥിതിക നിലപാടുകാരനായ ഇബ്രാഹിം റയിസിയും തമ്മിലാണു പ്രധാന മല്‍സരം.
നിലവിലുള്ള പ്രസിഡന്റ് വീണ്ടും ജനവിധി തേടിയപ്പോഴൊക്കെ വിജയിച്ച ചരിത്രമാണ് 1981 മുതല്‍. റൂഹാനിയുടെ കാര്യത്തിലും ഇതുതന്നെ ആവര്‍ത്തിക്കുമെന്നാണ് അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍. വിജയിക്കാന്‍ 50 ശതമാനത്തിലേറെ വോട്ട് വേണം.മുസ്തഫ ഹാഷിം ഇതാബ, മുസ്തഫ മിര്‍ സാലിം എന്നീ സ്ഥാനാര്ഥികള്കൂടി രംഗത്തുണ്ടെങ്കിലും ഇവര്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സാധ്യതയില്ല.
മറ്റു രണ്ടു സ്ഥാനാര്‍ഥികള്‍ പിന്മാറി റയിസിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആര്‍ക്കും 50 ശതമാനത്തിലേറെ വോട്ട് നേടാനാകുന്നില്ലെങ്കില്‍ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മില്‍ രണ്ടാംഘട്ട മല്‍സരം അടുത്തയാഴ്ച നടക്കും. 2015ല്‍ നിലവില്‍ വന്ന ആണവ കരാറിന് ശേഷം നടക്കുന്ന ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പാണിത്. ഹസന് റൂഹാനിയുടെ തന്ത്രപരമായ നിലപാടാണ് ആണവ കരാര്‍ നിലവില്‍ വരാനും അന്താരാഷ്ട്ര ഉപരോധം ഭാഗികമായെങ്കിലും നീങ്ങാനും വഴിയൊരുക്കിയത്.
അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ തയ്യാറായ റൂഹാനിയുടെ തന്ത്രമാണ് രാജ്യം നേരിട്ട സാമ്പത്തിക പ്രതിസന്ധിക്ക് ഒരുവിധം പരിഹാരമുണ്ടാക്കിയത്. അതിനാല്‍ ഭരണത്തുടര്‍ച്ച ഉണ്ടായില്ലെങ്കില്‍ ഈ ചര്‍ച്ചകള്‍ താളം തെറ്റുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കരാര്‍ പ്രകാരം ഇറാന് അവരുടെ യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. പക്ഷേ, അതിന് പകരമായി അമേരിക്കയും മറ്റു അഞ്ച് രാജ്യങ്ങളും ഉറപ്പ് നല്കിയ ഉപരോധം പിന്‍വലിക്കാമെന്ന വാഗ്ദാനം പൂര്‍ണമായും പാലിക്കപ്പെട്ടിട്ടില്ല.
അമേരിക്കയില്‍ ഭരണ മാറ്റം വരികയും ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുകയും ചെയ്തതോടെ ആണവ കരാറിന്റെ ഭാവി അവതാളത്തിലുമായി. പരമോന്നത സമിതിയുടെ അനുമതി ലഭിക്കാത്തതിനാല്‍ മറ്റൊരു പ്രമുഖ നേതാവ് അഹ്മദി നജാദ് ഇത്തവണ മല്‍സരിക്കുന്നില്ല. സൗദിയുമായും ഇസ്രായേലുമായും അമേരിക്കയുമായും ഇറാന് ഇടഞ്ഞു നില്ക്കുന്ന നിര്‍ണായക സമയത്താണ് പ്രസിഡന്റ് തെരഞ്ഞെടുപ്പെന്ന പ്രത്യേകതയുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല