സ്വന്തം ലേഖകന്‍: ഇറാനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വാണിജ്യ ഉപരോധം ലോകരാജ്യങ്ങള്‍ പിന്‍വലിച്ചു, എണ്ണ വിപണിയിലേക്ക് പുതുശക്തിയായി ഇറാന്‍ എത്തുന്നു. ആണവ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇറാനുമേല്‍ അന്താരാഷ്ട്ര ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. പാശ്ചാത്യ രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാറിലെ നിര്‍ദേശങ്ങളെല്ലാം ഇറാന്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിക്കാന്‍ കാരണമായത്.
ഉപരോധം നീങ്ങുന്നതോടെ അന്താരാഷ്ട്ര വിപണിയിലെ എണ്ണവില്‍പ്പന വീണ്ടും ആരംഭിക്കുന്നതായിരിക്കും. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാന്‍ ഇറാന്‍ തയ്യാറാവുകയായിരുന്നു. രാജ്യാന്തര സമൂഹത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ആണവക്കരാറില്‍ ഒപ്പുവെച്ച ഇറാന്റെ നടപടി ലോകസമാധാനത്തിന്റേതാണെന്നാണ് വിലയിരുത്തല്‍.
ഇത് തിളക്കമാര്‍ന്ന വിജയമാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി വ്യക്തമാക്കി. ജൂലൈയിലാണ് ഇറാനും പശ്ചാത്യരാജ്യങ്ങളും തമ്മില്‍ ആണവകരാറില്‍ ഒപ്പിട്ടത്. യുറേനിയം സംപുഷ്ടീകരണത്തിനുള്ള സെന്‍ട്രിഫ്യൂജുകളുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്നും, അറാഖിലെ ഘനജല റിയാക്ടറിന്റെ പ്രവര്‍ത്തനം നിര്‍ത്തുമെന്നുമായിരുന്നു ഇറാന്‍ നല്‍കിയ പ്രധാന ഉറപ്പ്.
ഈ ഉറപ്പ് പാലിക്കപ്പെട്ടതാണ് ഉപരോധം പിന്‍വലിക്കാന്‍ കാരണമായത്. ഇതോടെ ആണവായുധം കൊണ്ടുള്ള ഭീഷണി ഇല്ലാതായെന്ന് അമേരിക്കന്‍ സെക്രട്ടറി ജോണ്‍ കെറി അഭിപ്രായപ്പെട്ടു. ഉപരോധം നീങ്ങുന്നതോടെ ഇറാന് വലിയ നേട്ടങ്ങളാണ് ഉണ്ടാകുക. റാക്ക് ടൗണിന് സമീപം ആണവശാലകളുടെ പ്രവര്‍ത്തനം നിര്‍ത്താമെന്നും ഇറാന്‍ സമ്മതിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല