സ്വന്തം ലേഖകന്‍: ആണവ കരാറില്‍ ആരുമായും ഇനിയൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ല, ഉറച്ച നിലപാടുമായി ഇറാന്‍. ഇറാന്റെ ആണവ പദ്ധതിയില്‍ ചര്‍ച്ച വേണമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നിര്‍ദേശത്തോട് പ്രതികരിക്കുവെ ഇറാന്‍ വിദേശകാര്യ വക്താവ് ബഹ്‌റാം ഖാസിമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2015 ല്‍ ആണവ ശക്തികളുമായി ഒപ്പുവെച്ച ആണവകരാറില്‍ കൂടുതല്‍ ഒത്തുതീര്‍പ്പിനില്ലെന്നും ഖാസിമി ഉറപ്പിച്ചു പറഞ്ഞു. മിസൈല്‍ പദ്ധതി ഇറാന്റെ പ്രതിരോധ ആവശ്യത്തിന് ഉള്ളതാണെന്നും അക്കാര്യം ആണവ കരാറിന്റെ ഭാഗമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച യമനില്‍നിന്ന് സൗദി അറേബ്യയിലേക്ക് മിസൈല്‍ തൊടുത്തതിന് പിന്നില്‍ ഇറാനാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഈ സംഭവത്തോട് പ്രതികരിക്കവെയാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയില്‍ ചര്‍ച്ച വേണമെന്ന് മാക്രോണ്‍ ആവശ്യപ്പെട്ടത്. വിഷയത്തില്‍ ഇറാന്റെ നിലപാട് ഫ്രാന്‍സിനെ അറിയിച്ചിട്ടുണ്ടെന്ന് ഖാസിമി പറഞ്ഞു.യമനില്‍നിന്ന് ഹൂതി വിമതര്‍ തൊടുത്ത മിസൈല്‍ ഇറാന്‍ നല്‍കിയതാണെന്ന് യു.എസും ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, എല്ലാ ആരോപണങ്ങളും ഇറാന്‍ തള്ളിക്കളഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല