ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കുന്നത് അവസാനിപ്പിക്കുകയാണെന്ന് ഇറാനിലെ എണ്ണമന്ത്രാലയം വ്യക്തമാക്കി. ഇവര്‍ക്ക് കൊടുത്തിരുന്ന എണ്ണ മറ്റു രാജ്യങ്ങള്‍ക്കു നല്‍കാന്‍ നടപടി എടുത്തുവരികയാണെന്നും വക്താവു പറഞ്ഞു. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ജൂലൈ മുതല്‍ നിര്‍ത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരുന്നു. അതു നടപ്പില്‍ വരുന്നതിനു മുമ്പേ ബ്രിട്ടനിലേക്കും ഫ്രാന്‍സിലേക്കുമുമുള്ള എണ്ണക്കയറ്റുമതി നിര്‍ത്തലാക്കി ഇറാന്‍ തിരിച്ചടിക്കുകയായിരുന്നു.
എന്നാല്‍ ഇറാന്റെ നടപടി കാര്യമായ പ്രത്യാഘാതമുണ്ടാക്കില്ലെന്നാണു വിശകലന വിദഗ്ധരുടെ അഭിപ്രായം. ഫ്രാന്‍സ് ആകെയുള്ള ഉപഭോഗത്തിന്റെ മൂന്നു ശതമാനം എണ്ണയേ ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുള്ളു. ബ്രിട്ടനും ഇറാനില്‍ നിന്നു പരിമിതമായ തോതിലേ എണ്ണ വാങ്ങുന്നുള്ളു. എന്നാല്‍ ഇറ്റലി, ഗ്രീസ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇറാനില്‍ നിന്നുള്ള എണ്ണയെ കൂടുതലായി ആശ്രയിക്കുന്നുണ്ട്.
ഇവര്‍ക്കുള്ള മുന്നറിയിപ്പു കൂടിയാണ് ബ്രിട്ടനും ഫ്രാന്‍സിനും എണ്ണ നല്‍കുന്നത് നിര്‍ത്തിവച്ചുകൊണ്ടുള്ള ഇറാന്റെ നടപടിയെന്നു വിലയിരുത്തപ്പെടുന്നു. അണ്വായുധ നിര്‍മാണവുമായി ഇറാന്‍ മുന്നോട്ടുപോകുന്നെന്ന് ആരോപിച്ചാണ് യൂറോപ്യന്‍ യൂണിയന്‍ എണ്ണ ഉപരോധം പ്രഖ്യാപിച്ചത്. എന്നാല്‍ വൈദ്യുതി ആവശ്യത്തിനാണ് ആണവശക്തി ഉപയോഗിക്കുന്നതെന്നും അണ്വായുധ മോഹമില്ലെന്നും ഇറാന്‍ അവകാശപ്പെടുന്നു.
ഇതിനിടെ നാന്റസിലെ യുറേനിയം പ്ളാന്റില്‍ കൂടുതല്‍ സെന്‍ട്രിഫ്യൂജ് യന്ത്രങ്ങള്‍ സ്ഥാപിച്ചതായി ഇറാന്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഖോമിലെ ഭൂഗര്‍ഭ നിലയത്തില്‍ ആണവ പ്ളാന്റിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ വേണ്ടിവന്നാല്‍ ഇറാനെതിരേ സൈനികാക്രമണം നടത്തുമെന്ന് ഇസ്രയേല്‍ ഭീഷണി മുഴക്കിയിരിക്കുകയാണ്. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ടോം ഡോണിലോന്‍ ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവുമായി ചര്‍ച്ചയ്ക്ക് ഇസ്രയേലിനു തിരിച്ചിട്ടുണ്ട്. ഇതേസമയം ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ പ്രഖ്യാപനം നടപ്പില്‍ വരുത്താന്‍ അനുവദിക്കില്ലെന്ന് യുഎസ് മുന്നറിയിപ്പു നല്‍കി. ഹോര്‍മൂസിലേക്ക് യുഎസ് വിമാനവാഹിനി അയച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല