സ്വന്തം ലേഖകന്‍: ഇറാനോടുള്ള നിലപാടു മയപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനില്‍ ഭരണമാറ്റത്തിനു യുഎസ് ശ്രമിക്കുന്നില്ലെന്നു വ്യക്തമാക്കിയ ട്രംപ് ഇറാനുമായി പുതിയ ആണവക്കരാര്‍ ഉണ്ടാക്കുക സാധ്യമാണെന്നും ചൂണ്ടിക്കാട്ടി. ജാപ്പനീസ് പ്രധാനമന്ത്രി ആബെ ഷിന്‍സോയുമായി കൂടിക്കാഴ്ചയ്ക്കു ശേഷം റിപ്പോര്‍ട്ടര്‍മാരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ ശക്തമായ രാജ്യമായി മാറാന്‍ ഇനിയും ഇറാന് അവസരമുണ്ട്. ഇപ്പോഴത്തെ ഇറാന്‍ നേതൃത്വത്തെ മാറ്റാന്‍ ആഗ്രഹമില്ല. അവര്‍ അണ്വായുധം നിര്‍മിക്കരുതെന്നു മാത്രമേ യുഎസ് ആഗ്രഹിക്കുന്നുള്ളൂ. പുതിയ ആണവക്കരാര്‍ ഉണ്ടാക്കാന്‍ ഇറാനു താത്പര്യമുണ്ടെന്നു കരുതുന്നു. അതു സാധ്യമാണ് ട്രംപ് വ്യക്തമാക്കി.
പഞ്ചമഹാശക്തികളും ജര്‍മനിയും ഉള്‍പ്പെട്ട ഗ്രൂപ്പുമായി ഇറാന്‍ ഒപ്പുവച്ച ആണവക്കരാറില്‍നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറുകയും ഇറാനെതിരേ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. ഇറാന്റെ എണ്ണക്കച്ചവടം തകര്‍ക്കാന്‍ ട്രംപ് നടത്തിയ നീക്കം ആ രാജ്യത്തിന്റെ സന്പദ് വ്യവസ്ഥ തകരാറിലാക്കി. ഉപരോധത്തില്‍ വീര്‍പ്പുമുട്ടുന്ന ഇറാനെ മുട്ടുകുത്തിക്കാന്‍ ഗള്‍ഫിലേക്ക് അമേരിക്ക യുദ്ധക്കപ്പലുകളും വിമാനവാഹിനിയും ബി52 വിമാനങ്ങളും അയച്ചു. ഇറാനും തയാറെടുപ്പു തുടങ്ങിയതോടെ ഗള്‍ഫ് സംഘര്‍ഷഭരിതമായി.
ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നു ശനിയാഴ്ച യുഎസ് ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇറാനോടുള്ള സമീപനം മയപ്പെടുത്തി ട്രംപിന്റെ പ്രസ്താവന. ഇറാന്‍ പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ ജപ്പാന്റെ സമീപനം സ്വാഗതാര്‍ഹമാണെന്നു ട്രംപ് പറഞ്ഞു. ഇറാന്‍ നേതൃത്വവുമായി പ്രധാനമന്ത്രിക്കു നല്ല ബന്ധമുണ്ട്.ഇനി എന്തുണ്ടാവുമെന്നു കാണട്ടെ. ആബെ വൈകാതെ ടെഹ്‌റാന്‍ സന്ദര്‍ശിച്ചേക്കുമെന്നു നേരത്തെ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മധ്യപൂര്‍വദേശത്ത് സമാധാനവും സുസ്ഥിരതയും ഉണ്ടാവുക ഏറെ പ്രധാനമാണെന്നും ഇറാന്‍ പ്രശ്‌നത്തില്‍ കഴിയാവുന്നതെല്ലാം ചെയ്യാമെന്നും ആബെ പറഞ്ഞു.
ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിനെ പ്രശംസിക്കാനും ട്രംപ് മറന്നില്ല. ഈയിടെ ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണത്തെ നിസാരവത്കരിക്കാനും ട്രംപ് സന്ന ദ്ധനായി. ഇതു യുഎന്‍ പ്രമേയത്തിന്റെ ലംഘനമായി ചിലര്‍ കാണുന്നുണ്ട്. എന്നാല്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ നടത്തിയ ചെറിയ ആയുധപരീക്ഷണമാണിതെന്നു ട്രംപ് പറഞ്ഞു. ട്രംപിന്റെ നിലപാടിനോട് ആബെ യോജിച്ചില്ല. ഉത്തരകൊറിയയുടെ നടപടി യുഎന്‍ പ്രമേയത്തിന്റെ ലംഘനമാണെന്നും ഖേദകരമാണെന്നും ആബെ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല