ആണവ പ്രതിസന്ധി പരിഹരിക്കുന്നതിനു ലക്ഷ്യമിട്ട് ഇറാന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടെന്ന് യുഎന്നിന്റെ അന്തര്‍ദേശീയ ആണവോര്‍ജ ഏജന്‍സി വ്യക്തമാക്കിയതിനു പിന്നാലെ ഇറാനെ ആക്രമിക്കുന്നതിനെതിരേ ഇസ്രയേലിനു റഷ്യ മുന്നറിയിപ്പു നല്‍കി. സൈനിക ആക്രമണം ഗുരുതര പ്രത്യാഘാതത്തിന് ഇടയാക്കുമെന്നു റഷ്യന്‍ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി ഗെന്നാഡി ഗാട്ട്ലോവ് മോസ്കോയില്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ബോംബിട്ടു തകര്‍ക്കുമെന്നു നേരത്തേ ഇസ്രയേല്‍ ഭീഷണി മുഴക്കിയിരുന്നു. ആണോവര്‍ജ ഏജന്‍സിയുമാ യുള്ള ചര്‍ച്ച പരാജയപ്പെട്ടതു വലിയ കാര്യമല്ലെന്നു റഷ്യ വ്യക്തമാക്കി. കൂടുതല്‍ ചര്‍ച്ചയ്ക്ക് ഇനിയും അവസരമുണ്ട്. ഇറാനില്‍ രണ്ടു ദിവസം പര്യടനം നടത്തിയ യുഎന്‍ ആയുധപരിശോധക സംഘം വെറുംകൈയോടെ വിയന്നയില്‍ തിരിച്ചെത്തി.
ടെഹ്റാനു സമീപം പാര്‍ചിനിലെ രഹസ്യ സൈനിക കേന്ദ്രം സന്ദര്‍ശിക്കാന്‍ യുഎന്‍ സംഘത്തിന് ഇറാന്‍ അനുമതി നല്‍കിയില്ല. ഭൂഗര്‍ഭ ആണവ പരീക്ഷണങ്ങള്‍ നടത്തുന്നത് ഇവിടെയാണെന്ന് ആരോപണമുണ്ട്. ഇറാന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ച നിരാശാജനകമായിരുന്നുവെന്ന് ആണവോര്‍ജ ഏജന്‍സി മേധാവി യുകിയോ അമാനോ പ്രസ്താവിച്ചു. കരാറുണ്ടാക്കാനായില്ല. അടുത്തമാസം ആണവോര്‍ജ ഏജന്‍സി യോഗം ചേര്‍ന്ന് അടുത്ത നടപടികള്‍ തീരുമാനിക്കും.
ഇറാന്‍ അണ്വായുധ നിര്‍മാണത്തിനു മുതിരുന്നുണ്െടന്ന സംശയം ദൂരീകരിക്കാന്‍ ലക്ഷ്യമിട്ടാണ് ആയുധപരിശോധകരെ അയച്ചത്. വൈദ്യുതി ആവശ്യത്തിനാണ് ആണവപരീക്ഷണം നടത്തുന്നതെന്ന ഇറാന്റെ വാദം പാശ്ചാത്യശക്തികള്‍ അംഗീകരിക്കുന്നില്ല. ഇറാന് അണ്വായുധ നിര്‍മാണമോഹമുണ്െടന്ന് അവര്‍ കരുതുന്നു.
ഇതേസമയം ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ സൈനികാക്രമണം നടത്താനുള്ള നീക്കത്തിനെതിരേ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനായ ജനറല്‍ മുഹമ്മദ് ഹെജാസി മുന്നറിയിപ്പു നല്‍കി. ശത്രുക്കളുടെ ആക്രമണത്തിനായി കാത്തിരിക്കാതെ രാജ്യതാത്പര്യം സംരക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വേണ്ടിവന്നാല്‍ ഇറാനെതിരേ ആക്രമണത്തിനു മടിക്കില്ലെന്ന് ഇസ്രയേലും യുഎസും വ്യക്തമാക്കിയിരുന്നു.
ഇതേസമയം ആണവകേന്ദ്രങ്ങളുടെ സുരക്ഷ ലക്ഷ്യമിട്ട് ഇറാന്‍ നാലുദിവസത്തെ വ്യോമപ്രതിരോധ അഭ്യാസപ്രകടനം ആരംഭിച്ചു. വിമാനവേധ തോക്കുകളും റഡാറുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള പ്രകടനമാണു നടത്തുന്നതെന്ന് ഇര്‍നാ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ബുഷേര്‍ ആണവനിലയത്തിനു സമീപം 73,000 ചതുരശ്ര മൈല്‍ പ്രദേശത്താണ് അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല