സ്വന്തം ലേഖകന്‍: യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിക്കുമെന്ന് ഇറാന്‍; സൈനിക നടപടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ്. യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണെന്ന് അന്തര്‍ദേശീയ ആണവോര്‍ജ ഏജന്‍സിയെ ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു. ഇതിനായി നറ്റാന്‍സിലെ ആണവനിലയത്തില്‍ കൂടുതല്‍ സെന്‍ട്രിഫ്യൂജ് യന്ത്രങ്ങള്‍ സ്ഥാപിക്കും.
ഇറാനുമായി യുഎസ് ഉള്‍പ്പെടെയുള്ള ആറു രാജ്യങ്ങള്‍ ഉണ്ടാക്കിയ ആണവക്കരാറില്‍നിന്ന് മേയ് മാസത്തില്‍ അമേരിക്ക ഏകപക്ഷീയമായി പിന്മാറിയിതിനു തുടര്‍ന്നാണ് ഇറാന്റെ നീക്കം. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ചൈന, റഷ്യ എന്നിവയാണു കരാറില്‍ ഒപ്പിട്ട മറ്റു രാജ്യങ്ങള്‍. അമേരിക്ക മാത്രമേ പിന്മാറിയുള്ളുവെന്നും മറ്റു രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ തുടരുമെന്നും ഇറാന്‍ ആണവ ഏജന്‍സി മേധാവി സലേഹി പറഞ്ഞു.
ആണവക്കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കാതെയാണു കൂടുതല്‍ സെന്‍ട്രിഫ്യൂജുകള്‍ സ്ഥാപിക്കുന്നതെന്നും സലേഹി പറഞ്ഞു. അതിനിടെ അണ്വായുധ നിര്‍മാണത്തിനുതകുന്ന ഗ്രേഡിലുള്ള യുറേനിയം ഉത്പാദിപ്പിക്കാനുള്ള നീക്കവുമായി ഇറാന്‍ മുന്നോട്ടു പോയാല്‍ ഇറാനെതിരേ സൈനിക നടപടി വേണ്ടിവരുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പു നല്‍കി. ഇറാന്റെ പുതിയ നീക്കം തങ്ങളുടെ രാജ്യത്തെ തകര്‍ക്കാനുള്ള ആണവായുധങ്ങള്‍ നിര്‍മിക്കാനാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല