1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2017

സ്വന്തം ലേഖകന്‍: ഇറാന്റെ നോട്ടപ്പുള്ളിയായിരുന്ന പേര്‍ഷ്യന്‍ ടിവി ചാനല്‍ ഉടമ ഇസ്താംബുളില്‍ വെടിയേറ്റു മരിച്ചു, കൊലയ്ക്കു പിന്നില്‍ മത തീവ്രവാദികളെന്ന് സംശയം. പേര്‍ഷ്യന്‍ ഭാഷയിലുള്ള ജെം ടെലിവിഷന്‍ കമ്പനിയുടെ സ്ഥാപകന്‍ സഈദ് കരീമിയാനാണ് (45) ഇസ്തംബൂളില്‍ വെടിയേറ്റു മരിച്ചത്. കുവൈത്തുകാരനായ ബിസിനസ് പങ്കാളിക്കൊപ്പം സഞ്ചരിക്കവെയാണ് കരീമിയാന് വെടിയേറ്റത്.

മുഖംമൂടി ധരിച്ചെത്തിയ ആക്രമികളാണ് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ സുഹൃത്തും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൊലയാളികള്‍ സഞ്ചരിച്ച വാഹനം പിന്നീട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ തുര്‍ക്കി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടാണ് കരിമിയനും സുഹൃത്തിനു നേര്‍ക്ക് ആക്രമണം നടന്നത്.

ഇറാനെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് കാണിച്ച് ടെഹ്‌റാന്‍ കോടതി നേരത്തെ കരിമിയനെ അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്ത് ആറു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. വിദേശ പാശ്ചത്യ ഷോകള്‍ പേര്‍ഷ്യന്‍ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്ത് ജെം ടിവി ഇറാനില്‍ കാണിച്ചിരുന്നു.

എന്നാല്‍ ഇസ്ലാമിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത പരിപാടികളാണ് പ്രക്ഷേപണം ചെയ്യുന്നതെന്നും പാശ്ചാത്യ സംസ്‌കാരം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് ഇറാന്‍ ഭരണകൂടം അദ്ദേഹത്തെ വേട്ടയാടിയത്. കരിമിയന് ഭരണകൂടത്തില്‍ നിന്ന് കഴിഞ്ഞ മൂന്നു മാസമായി ഭീഷണി നേരിട്ടിരുന്നുവെന്നും ഇസ്താംബൂള്‍ വിട്ട് ലണ്ടനിലേക്ക് മടങ്ങാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നതായും കുടുംബം വ്യക്തമാക്കി.

എന്നാല്‍ കൊലപാതകത്തിനു പിന്നില്‍ ബിസിനസ് പ്രശ്‌നങ്ങളാകാമെന്നാണ് തുര്‍ക്കി സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ലണ്ടനില്‍ സ്ഥാപിച്ച ജെം ഗ്രൂപ്പ് പിന്നീട് ദുബായിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു. നിലവില്‍ ജെം ഗ്രൂപ്പിന് കീഴില്‍ കുര്‍ദിഷ്, അസെരി, അറബിക് ഉള്‍പ്പെടെ 17 ഭാഷാ ചാനലുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.