സ്വന്തം ലേഖകന്‍: ഇറാനില്‍ സൈനിക പരേഡിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ യുഎസ്; പകരം ചോദിക്കുമെന്ന് ഇറാന്‍; ആക്രമണത്തിന് ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണയെന്നും ആരോപണം. ഇറാനിലെ തെക്കുപടിഞ്ഞാറന്‍ അഹ്‌വസ് നഗരത്തില്‍ സൈനിക പരേഡിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ യുഎസ് ആണെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ആരോപിച്ചു. അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള യുഎസിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഭീകരാക്രമണമെന്നും യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിന് മുമ്പ് റൂഹാനി പറഞ്ഞു.
ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ്‌സിലെ 12 അംഗങ്ങള്‍ ഉള്‍പ്പെടെ 25 പേരാണ് ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. റവല്യൂഷനറി ഗാര്‍ഡ്‌സിന് നേരെ നടന്നതില്‍ ഏറ്റവും ശക്തമായ ആക്രമണമായിരുന്നു ശനിയാഴ്ച നടന്നത്. ഇറാന്‍ഇറാഖ് യുദ്ധത്തിന്റെ (198088) വാര്‍ഷിക അനുസ്മരണത്തിന്റെ ഭാഗമായ സൈനിക പരേഡിനിടെയാണു ഭീകരരുടെ വെടിവയ്പ്. പരേഡ് കാണാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു പുറമേ ഒട്ടേറെ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു.
സൗദി അറേബ്യയും ഇസ്രയേലും യുഎസുമാണ് ആക്രണത്തിന് പിന്നിലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് ശരീഫ് നേരത്തേ ആരോപിച്ചിരുന്നു. ഇറാനിലെ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കു സാമ്പത്തികപരമായും സൈനികപരവുമായ സഹായം നല്‍കുന്നതു ചില ഗള്‍ഫ് അറബ് രാജ്യങ്ങളാണ്. ഇതിനു പിന്തുണ നല്‍കുന്നതാകട്ടെ യുഎസും. അമേരിക്കയുടെ കയ്യിലെ പാവകളെപ്പോലെയാണ് ഈ രാജ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. യുഎസ് ഇവരെ ഇടയ്ക്കിടെ പ്രകോപിപ്പിക്കും, ആവശ്യം വേണ്ടുന്നതെല്ലാം നല്‍കുകയും ചെയ്യുന്നുണ്ടെന്ന് റൂഹാനി പറഞ്ഞു.
യുഎസിന്റെ ഉപരോധങ്ങളെ ഏറ്റവും കുറവു നഷ്ടങ്ങളോടെ ഇറാന്‍ നേരിടും. എന്നാല്‍ മറ്റു രാജ്യങ്ങള്‍ക്കു നേരെ, പ്രത്യേകിച്ച് ഇറാനോടുള്ള പ്രകോപനപരമായ നീക്കങ്ങളുടെ പേരില്‍ അമേരിക്ക പശ്ചാത്തപിക്കേണ്ടി വരുമെന്നും റൂഹാനി മുന്നറിയിപ്പു നല്‍കി. എന്നാല്‍, ആക്രമണത്തോടുള്ള ഇറാന്റെ മറുപടി നിയമത്തിന്റെ ചട്ടക്കൂടിലും രാജ്യതാല്‍പര്യം സംരക്ഷിച്ചുമായിരിക്കുമെന്നും റൂഹാനി വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം അഹ്‌വാസ് നാഷനല്‍ റെസിസ്റ്റന്‍സ് എന്ന ഗോത്രസംഘടന ഏറ്റെടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല