പടിഞ്ഞാറന്‍ ഇറാക്ക് നഗരം ഹദിതയില്‍ 26 പൊലീസുകാരെ അല്‍ക്വയ്ദ ഭീകരര്‍ വെടിവച്ചുകൊന്നു. സൈനിക യൂണിഫോമില്‍ ഇരച്ചെത്തിയ അക്രമികള്‍ രണ്ടു ചെക്ക് പോസ്റ്റുകളെയാണ് ലക്ഷ്യമിട്ടത്. കൊല്ലപ്പെട്ടവരില്‍ രണ്ട് ഉദ്യോഗസ്ഥരും ഉള്‍പ്പെടും. പ്രാദേശിക സമയം പുലര്‍ച്ചെ 2നായിരുന്നു ആക്രമണം.
പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളും ആക്രമണത്തിനിരയായി. അറബ് ലീഗ് പ്രതിനിധികളുടെ പ്രത്യേക യോഗം ബാഗ്ദാദില്‍ ഈമാസം അവസാനം നടക്കാനിരിക്കെയാണ് സംഭവം. അറസ്റ്റ് വോറന്‍റുകളുടെ വ്യാജ കോപ്പിയുമായെത്തിയ ഭീകരര്‍ക്ക് അനായാസേന ചെക്ക് പോസ്റ്റുകളിലെത്താനായി. അല്‍ക്വയ്ദയാണ് വെടിവയ്പ്പു നടത്തിയതെന്ന് ഹദിത പൊലീസ് വക്താവ് ഹര്‍ദന്‍ അറിയിച്ചു. അക്രമികള്‍ ഉപേക്ഷിച്ചു പോയ വാഹനത്തില്‍നിന്ന് ഭീകരരുടെ ലഘുലേഖകള്‍ കണ്ടെത്തി. മോഷ്ടിച്ച സൈനിക വാഹനത്തിലാണ് ഭീകരരെത്തിയതെന്നു കരുതുന്നു.
ഹദിതയുടെ കിഴക്കു പടിഞ്ഞാറന്‍ ഭാഗങ്ങളാണ് ആദ്യം ആക്രമിക്കപ്പെട്ടതെന്ന് ഏറ്റുമുട്ടലില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. വെടിവയ്പ്പിനുശേഷം ഭീകരര്‍ ടൗണില്‍ തിരിച്ചെത്തി മറ്റു വാഹനങ്ങളില്‍ കയറി രക്ഷപെട്ടു. അമ്പതിലേറെ പേര്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍. ഒരു ഭീകരന്‍ കൊല്ലപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല