സ്വന്തം ലേഖകൻ: ഭരണ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഇറാഖില്‍ അക്രമാസക്തരായ പ്രക്ഷോഭകര്‍ ബാഗ്ദാലിലെ ഇറാനിയന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം നടത്തി. കോണ്‍സുലേറ്റിലെ ഇറാനിയന്‍ പതാക എടുത്തുകളഞ്ഞ് ഇറാഖിന്റെ പാതാക സ്ഥാപിക്കുകയും ചെയ്തതായി അല്‍ ജസീര റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രക്ഷോഭകര്‍ ഇറാനിയന്‍ കോണ്‍സുലേറ്റിന് സമീപം തീ കത്തിക്കുന്നതിന്റെ ഒരു വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
ഇറാഖിലെ വടക്കന്‍ നഗരമായ കര്‍ബാലയില്‍ തമ്പടിച്ച പ്രക്ഷോഭകരും സുരക്ഷാ സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി. ഇതുവരെയും അപകടം പറ്റിയവരെക്കുറിച്ച് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും രൂക്ഷമായ ഇറാഖില്‍ സര്‍ക്കാര്‍ രാജിവെക്കണമെന്നാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്.
പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അദില്‍ അബ്ദുള്‍ മഹദി ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിഷേധം കൂടുതല്‍ ശക്തമാവുകയാണുണ്ടായത്. ഇറാഖിലെ സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെ പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയിരിക്കുകയാണ്. റോഡുകള്‍ മിക്കവയും ഉപരോധിക്കുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല