സ്വന്തം ലേഖകന്‍: ഇറാഖ് സൈന്യം മൊസൂളിന് തൊട്ടടുത്ത്, നൂറുകണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. ഐഎസ് ഭീകരരുടെ ശക്തികേന്ദ്രമായ മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള ഇറാക്കി സേനയുടെ നീക്കം ഒരുപടികൂടി മുന്നേറുന്നു. മൊസൂളിനു തൊട്ടടുത്ത് ക്രൈസ്തവവിശ്വാസികള്‍ ഏറെയുള്ള കരാകോഷ് സേന വളഞ്ഞിരിക്കുകയാണ്.
മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള നീക്കത്തിലെ നിര്‍ണായകഘട്ടമാണിതെന്നു വിലയിരുത്തപ്പെടുന്നു. ഇറാക്കിസേന കരാകോഷിലെത്തിയെന്ന വാര്‍ത്ത രാജ്യത്തെ ക്രൈസ്തവഭൂരിപക്ഷപ്രദേശങ്ങളില്‍ ആഘോഷത്തിനുവഴിതെളിച്ചു. അര്‍ബില്‍ നഗരത്തില്‍ ആനന്ദനൃത്തം ചവിട്ടിയാണ് ആളുകള്‍ ആഹ്ലാദം പങ്കുവച്ചത്. കരാകോഷിന്റെ നിയന്ത്രണം ഐഎസിന്റെ കൈവശമായതോടെ ഇവിടെയുണ്ടായിരുന്ന ആയിരക്കണക്കിനു ക്രൈസ്തവവിശ്വാസികള്‍ കുര്‍ദിസ്ഥാനിലെ സ്വതന്ത്രമേഖലയായ അര്‍ബിലിലേക്കു നീങ്ങുകയായിരുന്നു.
ഇറാക്ക് സൈന്യം ആക്രമണം ശക്തമാക്കിയതിനെത്തുടര്‍ന്നു മൊസൂള്‍ നഗരത്തില്‍നിന്നു 100ല്‍ അധികം ഐഎസ് കമാന്‍ഡര്‍മാര്‍ പലായനം ചെയ്തു. ഇവര്‍ സിറിയയിലേക്കാണു കടന്നതെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മൊസൂള്‍ പിടിക്കാന്‍ തിങ്കളാഴ്ച ആരംഭിച്ച യുദ്ധത്തില്‍ ഇറാക്ക് സ്‌പെഷല്‍ സേനയും ചേര്‍ന്നു. വിചാരിച്ചതിലും വേഗം നഗരം കീഴടക്കാനാവുമെന്നു പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞു.
നഗരപ്രാന്തത്തിലെ 20 ഗ്രാമങ്ങള്‍ ഇതിനകം പിടിച്ചു. ഷിയാ. കുര്‍ദ് സൈനികര്‍ യോജിച്ചാണു പോരാട്ടം നടത്തുന്നതെന്നും പാരീസില്‍ സമ്മേളിച്ച പാശ്ചാത്യ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തെ വീഡിയോ ലിങ്കിലൂടെ അഭിസംബോധന ചെയ്ത അല്‍ അബാദി ചൂണ്ടിക്കാട്ടി.
മൊസൂളില്‍നിന്നു പലായനം ചെയ്യുന്ന ഭീകരര്‍ സിറിയയിലെ ഐഎസ് ആസ്ഥാനമായ റാഖായിലേക്കാണു പോകുന്നതെന്നും റാഖാകൂടി കീഴടക്കേണ്ടത് ആവശ്യമാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഒളാന്ദ് യോഗത്തില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല