സ്വന്തം ലേഖകന്‍: മൊസൂള്‍ നഗരം പൂര്‍ണമായും തിരിച്ചു പിടിച്ചതായി ഇറാഖി സേന, അവസാന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരേയും തുരത്തിയതായി സൈനികര്‍. ഔദ്യോഗിക സ്ഥിരീകരണമായില്ലെങ്കിലും സൈന്യം ആഹ്ലാദപ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒന്‍പതു മാസം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍, ഐഎസില്‍നിന്ന് സൈന്യം തിരിച്ചുപിടിച്ചത്.
മൊസൂളിന്റെ പതനം ഐഎസ് വിരുദ്ധ പോരാട്ടത്തിലെ നാഴികക്കല്ലായാണ് ഇറാഖി സേനാ വൃത്തങ്ങള്‍ വിശേഷിപ്പിക്കുന്നത്. മൊസൂളിന്റെ ഭൂരിഭാഗവും പിടിച്ചെടുത്ത് ഇറാഖ് സേന വിജയം ഉറപ്പിച്ചതായി ഇറാഖി മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നു. ഐഎസ് തീവ്രവാദികളെ പൂര്‍ണമായും തുരത്താനുളള പോരാട്ടം ഇനി എതാനും മീറ്ററുകള്‍ കൂടി പിടിച്ചെടുക്കുന്നതോടെ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭീകരരുടെ ശക്തമായ ചെറുത്തുനില്‍പ്പുകളെ നേരിട്ടാണ് സേനയുടെ മുന്നേറ്റം. ഒരു ലക്ഷത്തിലധികം സാധാരണക്കാരെ മനുഷ്യകവചമാക്കിയായിരുന്നു മൊസൂളില്‍ ഐഎസ് ഭീകരരുടെ പ്രതിരോധം. ഇത് ഐക്യരാഷ്ട്ര സംഘടനയുടേയും മറ്റു രാജ്യങ്ങളുടേയും രൂക്ഷമായ വിമര്‍ശനത്തിന് കാരണമായിരുന്നു. എങ്കിലും സമീപത്തുള്ള ഗ്രാമങ്ങളിലേക്ക് പിന്മാറിയ ഐഎസ് ഭീകരര്‍ തിരിച്ചടിക്കുമെന്ന് ഭീതിയിലാണ് നഗരവാസികളെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല