സ്വന്തം ലേഖകന്‍: മൊസൂള്‍ ആക്രമണം, ഇസ്ലാമിക് സ്റ്റേറ്റിന് കനത്ത തിരിച്ചടി നല്‍കി നഗരം പിടിക്കാന്‍ ഇറാഖി സേന. യുദ്ധത്തില്‍ ഇതിനകം 200 കിലോമീറ്റര്‍ ഭൂപ്രദേശം ഐഎസില്‍ നിന്ന് പിടിച്ചെടുത്തെന്നു ഇറാക്കിലെ കുര്‍ദിഷ് സ്വയംഭരണ മേഖലയുടെ പ്രസിഡന്റ് മസൂദ് ബര്‍സാനി വ്യക്തമാക്കി.
ഇറാക്ക് സൈന്യത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യുദ്ധത്തില്‍ കുര്‍ദിഷ് പെഷ്മാര്‍ഗ സൈനികര്‍, സുന്നി, ഷിയാപോരാളികള്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്. ഇറാക്കിന്റെയും യുഎസിന്റെയും യുദ്ധവിമാനങ്ങള്‍ ഐഎസ് മേഖലകളില്‍ വ്യോമാക്രമണം നടത്തി. നഗരപ്രാന്തത്തിലുള്ള ഗ്രാമങ്ങളാണ് ഇപ്പോള്‍ പിടിച്ചെടുത്തിട്ടുള്ളത്. മൊസൂള്‍ കീഴടക്കാന്‍ ആഴ്ചകളോ മാസങ്ങള്‍ തന്നെയോ വേണ്ടിവരും. നാലുവശത്തുനിന്നും മൊസൂളിനെ വളഞ്ഞശേഷം നഗരത്തില്‍ കടക്കാനാണു പദ്ധതി.
അതേസമയം സുന്നി നഗരമായ മൊസൂളില്‍ ഷിയാഗ്രൂപ്പുകാരായ അര്‍ധസൈനിക വിഭാഗത്തെ പ്രവേശിപ്പിക്കുന്നതിനെതിരേ ആംനസ്റ്റി ഇന്റര്‍നാഷണല്‍ മുന്നറിയിപ്പു നല്‍കി. ഇതിനിടെ മൊസൂളിലെ ഐഎസ് ഭീകരര്‍ നഗരവാസികളെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നു റിപ്പോര്‍ട്ടുണ്ട്. 4000ത്തിനും 8000ത്തിനും ഇടയ്ക്ക് ഐഎസ് പോരാളികള്‍ മൊസൂളില്‍ തമ്പടിച്ചിട്ടുണ്ടെന്നാണു കണക്ക്. ഇവരെ നേരിടാന്‍ മുപ്പതിനായിരം സൈനികരെയാണ് അയച്ചിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല