സ്വന്തം ലേഖകന്‍: 45 വര്‍ഷത്തിനു ശേഷം ഇറാഖിനു ലഭിച്ച സൗന്ദര്യ റാണിക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി, ഐസില്‍ ചേര്‍ന്നില്ലെങ്കില്‍ അനുഭവിക്കുമെന്ന് താക്കീത്. 1972 നു ശേഷം ഇറാഖില്‍ നടന്ന ആദ്യ സൗന്ദര്യ മല്‍സരത്തില്‍ മിസ് ഇറാഖ് ആയി തെരഞ്ഞെടുക്കപ്പെട്ട ഷൈമ അബ്ദുള്‍ റഹമാനാണ് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ താക്കീത് ലഭിച്ചത്. ഒന്നുകില്‍ ഐ.എസില്‍ ചേരുക, അല്ലെങ്കില്‍ ശിക്ഷ അനുഭവിക്കുക എന്നാണ് ഭീഷണി.
കിരീട വിജയത്തിനു തൊട്ടു പിന്നാലെയാണ് ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. ഐ.എസില്‍ ചേര്‍ന്നില്ലെങ്കില്‍ തട്ടിക്കൊണ്ടുപോവുമെന്നാണ് ഭീഷണി. അതേസമയം എന്ത് വെല്ലുവിളി വന്നാലും മുന്നോട്ടു പോവുമെന്ന് ഷൈമ പറഞ്ഞതായി സൗന്ദര്യ മല്‍സരത്തിന്റെ സംഘാടകര്‍ അറിയിച്ചു.
നേരത്തെ ഐ.എസിന്റെ ആക്രമണ ഭീഷണി നിലവിലുണ്ടായിരുന്നതിനാല്‍ തോക്കുകളേന്തിയ കാവല്‍ക്കാരുടെ സംരക്ഷണയിലായിരുന്നു മത്സരം നടന്നത്.ബാഗ്ദാദിലെ നക്ഷത്ര ഹോട്ടല്‍ ബാല്‍റൂമില്‍ നടന്ന മത്സരത്തില്‍ മദ്യവും സ്വിം സ്യൂട്ടും ഒഴിവാക്കിയിരുന്നു.
ഇറാഖ് മുന്നോട്ട് പോകുന്നതില്‍ താന്‍ അതീവ സന്തുഷ്ടയാണെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം ഈ പരിപാടിയിലൂടെ ഇറാഖികളുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നെന്നും മത്സര ശേഷം ഷൈമ പറഞ്ഞു. അടുത്ത വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ഈ ഇറാഖി സുന്ദരി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല