ഇറാഖിലെ ആറു പ്രവിശ്യകളിലായി നടന്ന ഇരുപതിലേറെ ബോംബ് സ്ഫോടനങ്ങളില്‍ കുറഞ്ഞത് 37 പേര്‍ കൊല്ലപ്പെട്ടു. 150 പേര്‍ക്കു പരുക്കേറ്റു. പൊലീസുകാരടക്കം 11 സുരക്ഷാ സൈനികരും 22 സാധാരണ ജനങ്ങളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. തലസ്ഥാനമായ ബഗ്ദാദില്‍ 17 പേരാണ് കൊല്ലപ്പെട്ടത്.
അവിടെ ഹൈഫ ജില്ലയില്‍ ആരോഗ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനരികെ കാര്‍ബോംബ് പൊട്ടിത്തെറിച്ചു രണ്ടു സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ടു. മന്ത്രിയുടെ അഞ്ചു ഗാര്‍ഡുകള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്കു പരുക്കേറ്റു. മാര്‍ച്ച് 20ന് 50 പേര്‍ കൊല്ലപ്പെടുകയും 255 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണങ്ങള്‍ക്കുശേഷം ഒരുമാസത്തിനുള്ളിലുണ്ടായ ഏറ്റവും വലിയ ആക്രമണ പരമ്പരയാണ് ഇന്നലെ നടന്നത്.
പത്തു സ്ഥലങ്ങളില്‍ റോഡില്‍ ബോംബ് സ്ഫോടനങ്ങളും കാര്‍ബോംബ് സ്ഫോടനങ്ങളും നടത്തി. മുഖ്യമായും സുരക്ഷാ സൈനികരെ ലക്ഷ്യമിട്ട ആക്രമണങ്ങളായിരുന്നു ഇവ. കിര്‍കുക്കില്‍ പൊലീസ് പട്രോള്‍ സംഘങ്ങള്‍ക്കെതിരെയുണ്ടായ രണ്ടു കാര്‍ബോംബ് സ്ഫോടനങ്ങളില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്കു പരുക്കേറ്റു.
ഷിയാകളും സുന്നികളും കുര്‍ദുകളും തുര്‍ക്ക്മെന്‍ വംശജരും തമ്മില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരവേയാണ് ഇൌ സ്ഫോടനങ്ങള്‍. യുഎസ് സേനാ പിന്മാറ്റത്തോടെ കലാപങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ഇറാഖ് സേനയ്ക്കു കഴിയുമെന്ന പ്രധാനമന്ത്രി നൂറി അല്‍ മാലിക്കിയുടെ ആത്മവിശ്വാസത്തിന് ഇതോടെ മങ്ങലേല്‍ക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല