അടുത്തയാഴ്ച അറബ് ലീഗ് ഉച്ചകോടിക്ക് ആതിഥ്യമരുളാനിരിക്കെ, ഇറാക്കിലെ വിവിധ നഗരങ്ങളില്‍ ഇന്നലെയുണ്ടായ 29 ബോംബ് സ്ഫോടനങ്ങളില്‍ കുറഞ്ഞത് 49 പേര്‍ കൊല്ലപ്പെടുകയും 232 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഒട്ടാകെ പന്ത്രണ്ടു നഗരങ്ങളില്‍ സ്ഫോടനങ്ങളുണ്ടായി.
ബാഗ്ദാദില്‍ ആരംഭിക്കുന്ന അറബിലീഗ് ഉച്ചകോടി തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അല്‍ക്വയ്ദയോ അവരെ അനുകൂലിക്കുന്ന സുന്നി ഗ്രൂപ്പുകളോ ആയിരിക്കും ആക്രമണം നടത്തിയതെന്ന് അധികൃതര്‍ സംശയിക്കുന്നു. ബാഗ്ദാദിലെ അതീവസുരക്ഷാ മേഖലയായ ഗ്രീന്‍സോണിലാണ് അറബി ഉച്ചകോടി നടത്തുന്നത്. ഗ്രീന്‍സോണിനു സമീപം ഇന്നലെ രണ്ടു സ്ഫോടനങ്ങളുണ്ടായി.
രണ്ടു ദശകത്തിനുശേഷമാണ് അറബി ഉച്ചകോടിക്ക് ഇറാക്ക് ആതിഥ്യം വഹിക്കുന്നത്. ഇറാക്കിലെ സ്ഥിതിഗതികള്‍ മോശമാണെന്നു വരുത്തിത്തീര്‍ക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വക്താവ് അലി അല്‍ദബാഗ് റോയിട്ടേഴ്സിനോടു പറഞ്ഞു. ഏറ്റവും വലിയ സ്ഫോടനം നടന്നത് ഷിയാകളുടെ പുണ്യനഗരമായ കര്‍ബലയിലാണ്. ഇവിടെ ഷോപ്പിംഗ് സെന്ററിനു സമീപം നടന്ന ഇരട്ട കാര്‍ബോംബ് സ്ഫോടനങ്ങളില്‍ 13 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഇറാന്‍കാരായ അഞ്ചു തീര്‍ഥാടകരും ഉള്‍പ്പെടുന്നു.
ബാഗ്ദാദില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള കര്‍ബലയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിനു തീര്‍ഥാടകര്‍ എത്താറുണ്ട്. ഫല്ലൂജ നഗരത്തിലെ പോലീസ് ഓഫീസറുടെ വീട് അക്രമികള്‍ സ്ഫോടനത്തില്‍ തകര്‍ത്തു. കിര്‍കുക്ക് പോലീസ് സ്റേഷനു നേര്‍ക്ക് ആക്രമണമുണ്ടായി. രണ്ടു ദക്ഷിണനഗരങ്ങളില്‍ റസ്ററന്റുകള്‍ക്കും ഷോപ്പിംഗ് സമുച്ചയങ്ങള്‍ക്കും നേരേ ആക്രമണം നടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല