സ്വന്തം ലേഖകന്‍: പുതിയ പ്രധാനമന്ത്രിക്കായി ഇറാഖി ജനത വോട്ടു ചെയ്തു; പോളിംഗ് സമാധാനപരമെന്ന് റിപ്പോര്‍ട്ടുകള്‍. ഇറാഖ് പാര്‍ലമെന്റിലെ 329 സീറ്റുകളിലേക്ക് വിവിധ കക്ഷികളെ പ്രതിനിധാനംചെയ്ത് 7,000 പേരാണ് രംഗത്തുള്ളത്. പ്രധാനമന്ത്രി പദത്തിലേക്ക് ഹൈദര്‍ അല്‍അബാദിക്കു പുറമെ നൂരി മാലികി, ഹാദി അല്‍ആമിരി എന്നിവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍.
ഇറാഖില്‍ ഐ.എസ് വിരുദ്ധ പോരാട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശിയാ മിലീഷ്യയുടെ നേതാവായ ഹാദി അല്‍ആമിരിക്കും മുന്‍ പ്രധാനമന്ത്രി നൂരി മാലികിക്കും ഇറാനുമായി ഉറ്റ ബന്ധമാണുള്ളത്. എന്നാല്‍, നിലവിലെ പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദി അധികാരം നിലനിര്‍ത്തുന്നതാണ് യു.എസിന് താല്‍പര്യം. അബാദിയുടെ നസ്ര്‍, ആമിരിയുടെ ഫതഹ് മുന്നണികള്‍ തമ്മിലാണ് പ്രധാന മത്സരം.
രാജ്യത്ത് അനിശ്ചിതത്വവും അരക്ഷിതാവസ്ഥയും തുടരുന്നതിനാല്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം നേടാനാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍, പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ വിവിധ കക്ഷികളുടെ പങ്കാളിത്തവും സഹകരണവും തേടിയുള്ള തുടര്‍ചര്‍ച്ചകള്‍ക്കാകും വരുംമാസങ്ങളില്‍ രാജ്യം സാക്ഷിയാകുക. ഇതിനിടെ തങ്ങളുടെ ഇഷ്ടക്കാരെ കുടിയിരുത്താന്‍ കിണഞ്ഞു ശ്രമിക്കുകകയാണ് യു.എസും ഇറാനുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല