സ്വന്തം ലേഖകന്‍: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഷിയാ പണ്ഡിതനായ മുഖ്തദ അല്‍സദറിന് വന്‍ മുന്നേറ്റം; പ്രധാനമന്ത്രി അല്‍അബാദിക്ക് തിരിച്ചടി. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ പകുതിയിലേറെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഷിയാ സഖ്യമാണ് മുന്നിട്ടു നില്‍ക്കുന്നത്. ഇറാന്‍ പിന്തുണയുള്ള അല്‍അംരിയുടെ ഫത്ഹ് സഖ്യത്തെയും പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദിയെയും രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഷിയാ പണ്ഡിതനായ മുഖ്തദ അല്‍സദര്‍ മുന്നിലെത്തിയത്.
നിനവേഹ് ഉള്‍പ്പെടെ 10 പ്രവിശ്യകളിലെ ഫലം പുറത്തുവന്നിട്ടുണ്ട്. ബഗ്ദാദ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പാര്‍ലമെന്റ് സീറ്റുകളുള്ളത് നിനവേഹിലാണ്. എട്ടു പ്രവിശ്യകളില്‍കൂടിയാണ് ഫലമറിയാനുള്ളത്. ഐ.എസ് ഭീകരരെ തുരത്തിയതിനു ശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അബാദി സര്‍ക്കാറിന്റെ ഹിതപരിശോധന കൂടിയായതിനാല്‍ ഇത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്.
ഇറാനുമായും യു.എസുമായും അകലം പാലിക്കുന്ന സദറിന് സൗദി അറേബ്യയുമായാണ് അടുപ്പം. അതിനിടെ, ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമായ 165 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടുതല്‍ ഭൂരിപക്ഷം നേടുന്നവര്‍ ചെറുകക്ഷികളുമായി ചേര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാറുണ്ടാക്കുമെന്നാണ് സൂചന. 2010ലെ തെരഞ്ഞെടുപ്പില്‍ വൈസ്പ്രസിഡന്റ് അയാദ് അലാവിയുടെ സഖ്യമായിരുന്നു ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത്. എന്നാല്‍, ഇറാനെ വിമര്‍ശിച്ചതിനാല്‍ പ്രധാനമന്ത്രിപദത്തില്‍നിന്ന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല