സ്വന്തം ലേഖകന്‍: ഐഎസ് ക്രൂരത ബാക്കിവെച്ചത്; ഇറാക്കില്‍ 202 കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി. ‘ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല, ഇനി അതിനു സാധിക്കുമെന്നും തോന്നുന്നില്ല, ഒന്നുമാത്രം പറയാം അവയെല്ലാം മനുഷ്യരുടെ മൃതശരീരങ്ങളാണ്.” ഇറാക്കില്‍ ഐ എസ് നിയന്ത്രണത്തിലായിരുന്ന പ്രദേശങ്ങളില്‍ ആയിരക്കണക്കിനു ആളുകളെ മറവു ചെയ്തിരിക്കുന്ന 202 കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതിനേക്കുറിച്ച് യുഎന്‍ പ്രതിനിധി ജാന്‍ കുബിസിന്റെ വാക്കുകളാണിത്.
നിനവേ, കിര്‍കുക്ക്, സലാ അല്‍ദിന്‍, അന്‍ബര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മൃതദേഹങ്ങള്‍ കൂട്ടമായി അടക്കം ചെയ്തിരിക്കുന്ന കുഴിമാടങ്ങള്‍ യുഎന്‍ സംഘം കണ്ടെത്തിയത്. 2014 മുതല്‍ 2017 വരെയുളള കാലഘട്ടത്തിനിടെ ഐഎസ് ഭീകരര്‍ കൊന്നുതള്ളിയതാണിവരെ. ആയിരത്തിലധികം മൃതദേഹങ്ങള്‍ അടക്കം ചെയ്ത വലിയ കുഴിമാടങ്ങളും കണ്ടെത്തിയിട്ടുണ്ട്. 12000 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. വരും മാസങ്ങളില്‍ കൂടുതല്‍ കുഴിമാടങ്ങള്‍ കണ്ടെത്താനാവുമെന്നാണു കരുതുന്നത്. ഐഎസിന്റെ യുദ്ധക്കുറ്റത്തിലേക്കാണിതു വിരല്‍ ചൂണ്ടുന്നത്.
2014 മുതല്‍ ഇറാക്കില്‍ 30000 പേര്‍ ഐഎസ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യാനികള്‍, യസീദികള്‍ എന്നിവരും ഐഎസ് വിരുദ്ധ ചേരിയില്‍പ്പെട്ടവരുമാണു കൊല്ലപ്പെട്ടത്. ജീവനോടെ കത്തിച്ചും കെട്ടിടങ്ങളില്‍നിന്നു താഴേക്കിട്ടും തലയറുത്തുമാണ് ഇക്കൂട്ടരെ ഭീകരര്‍ കശാപ്പ് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല