സ്വന്തം ലേഖകന്‍: ഇറാഖിലേക്ക് പ്രത്യേക സേനയെ അയക്കുമെന്ന് യുഎസ്, വിദേശ സൈനികരെ രാജ്യത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഇറാഖ്.
ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടാന്‍ പ്രത്യേക സേനയെ ഇറാഖിലേക്ക് അയക്കുമെന്ന യുഎസ് പ്രതിരോധ സെക്രട്ടറിയുടെ പ്രസ്താവനയോടാണ് ഇറാഖ് രൂക്ഷമായി പ്രതികരിച്ചത്.
സര്‍ക്കാറിന്റെ അനുമതി നേടാതെ ഒരു വിദേശ രാജ്യത്തിന്റെ സൈനികനെയും തങ്ങളുടെ രാജ്യത്ത് കാല്കുത്താന്‍ അനുവദിക്കില്ല. ഇറാഖിന്റെ മണ്ണില്‍ വിദേശ സൈനികര്‍ യുദ്ധത്തിലേര്‍പ്പെടണമെന്ന് ഇറാഖിന് ഒരു താത്പര്യവുമില്ല. പ്രത്യേക സേനയോ സാധാരണ സേനയോ ഇറാഖിന്റെ പൂര്‍ണപരമാധികാരത്തെ കണക്കിലെടുക്കാതെയോ ഇവിടുത്തെ സൈന്യത്തിന്റെ സമ്പൂര്‍ണ സഹകരണം ഇല്ലാതെയോ ഇറാഖിന്റെ മണ്ണില്‍ അനുവദിക്കില്ലെന്നും ഇറാഖ് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്ക സിറിയയിലേക്കും ഇറാഖിലേക്കും പ്രത്യേക ദൗത്യസേനയെ അയക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ പറഞ്ഞിരുന്നു. ഇസില്‍ ഭീകരരെ തുരത്താന്‍ ലോകസമൂഹം ഒരുമിച്ച് കൈകോര്‍ക്കണമെന്നും സായുധ സേനാ കമ്മിറ്റി ഹൗസില്‍ ഉന്നതരെ അഭിസംബോധന ചെയ്തു അദ്ദേഹം പറഞ്ഞു.
ഇറാഖില്‍ സര്‍ക്കാറിന്റെ സഹകരണത്തോടെയായിരിക്കും ഇസില്‍ ഭീകരര്‍ക്കെതിരെ പോരാടുക. പ്രത്യേക ദൗത്യസേന ഇറാഖില്‍ റെയ്ഡുകള്‍ സംഘടിപ്പിക്കും. ഇസില്‍ നേതാക്കളെ പിടികൂടുന്നതിലായിരിക്കും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുക. സിറിയയില്‍ ദാത്യസേന ഒറ്റക്കായിരിക്കും ഇസില്‍ ഭീകരര്‍ക്കെതിരെ പോരാടുകയെന്നും കാര്‍ട്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല