സ്വന്തം ലേഖകന്‍: തീവണ്ടി യാത്രക്കിടെ ബാഗുകളോ, മൊബൈലോ, ലാപ്‌ടോപോ കളഞ്ഞു പോയോ? വിഷമിക്കണ്ട, റയില്‍വേ ഇഷുറന്‍സു നല്കും. ഇന്ത്യന്‍ റയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനാണ് (ഐആര്‍സിടിസി) ഇന്ത്യയില്‍ ആദ്യമായി തീവണ്ടി യാത്രക്കാര്‍ക്ക് ബാഗേജ് ഇന്‍ഷുറന്‍സ് സംവിധാനം അവതരിപ്പിക്കുന്നത്.
ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യുന്ന ഇ ടിക്കറ്റുമായി യാത്ര ചെയ്യുന്നവര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. ഈ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കള്‍ തീവണ്ടി യാത്രയ്ക്കിടയില്‍ നഷ്ടപ്പെട്ടാല്‍ ഇനി നഷ്ടപരിഹാരം തേടാം.
ടിക്കറ്റെടുക്കുമ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ വേണമെന്ന ഓപ്ഷന്‍ തിരഞ്ഞെടുത്തവര്‍ക്കു മാത്രമേ നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ കഴിയൂ. ഇതില്ലാതെ പഴയ രീതിയിലും ടിക്കറ്റെടുക്കാം. യാത്രയുടെ ദൂരം, ക്ലാസ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രീമിയം കണക്കാക്കുക.
ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ തയാറാക്കി വരുന്നതേയുള്ളൂ. യാത്രക്കിടയില്‍ ചികിത്സാ ആവശ്യം വരുന്നവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുവാന്‍ റയില്‍വേ ശ്രമിക്കുന്നുണ്ട്.
റയില്‍വേയില്‍ പ്രതിദിനം സഞ്ചരിക്കുന്ന 20 ലക്ഷം യാത്രക്കാരില്‍ 52 ശതമാനവും ഇ ടിക്കറ്റ് എടുക്കുന്നവരാണ്. ഇവരില്‍ നല്ലൊരു പങ്കും ബാഗേജ് ഇന്‍ഷുറന്‍സ് എടുക്കുമെന്നാണ് ഐആര്‍സിടിസിയുടെ പ്രതീക്ഷ. നിലവില്‍ ചില ട്രെയിനുകളിലും റൂട്ടുകളിലും ഇ കേറ്ററിങ് സര്‍വീസ് നല്‍കിവരുന്ന ഐആര്‍സിടിസി ഇതു വ്യാപകമാക്കാനുള്ള ശ്രമത്തിലാണ്.
ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌റ്റേഷനുകളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പോര്‍ട്ടര്‍, ടാക്‌സി, ട്രെയിന്‍ യാത്രാ വിവരങ്ങള്‍ എന്നിവയടക്കമുള്ള തുടര്‍ സേവനങ്ങള്‍ നല്‍കുന്ന കെയര്‍ടേക്കര്‍ സംവിധാനം നിലവില്‍ വന്നുകഴിഞ്ഞു. വൈകാതെ ഇത് വിനോദ സഞ്ചാര പ്രാധാന്യമുള്ളവയടക്കം എല്ലാ പ്രധാന സ്‌റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല