1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2023

സ്വന്തം ലേഖകൻ: അയർലൻഡിൽ ഇപ്പോൾ ഭരിക്കുന്ന മുന്നണിയിലെ പാർട്ടികൾ വെവ്വേറെ മത്സരിച്ചാലും തുടർഭരണം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു. 2025 മാർച്ചിലാണ് അയർലൻഡിലെ പൊതു തിരഞ്ഞെടുപ്പ് ഉണ്ടാവുക. 2020 ല്‍ ഫിനാ ഫെയിൽ, ഗ്രീന്‍ പാര്‍ട്ടി എന്നിവയ്ക്ക് ഒപ്പം ലിയോ വരദ്കർ നയിക്കുന്ന ഫിനഗേല്‍ പാർട്ടി രൂപപ്പെടുത്തിയ മുന്നണിയാണ് ഇപ്പോൾ ഭരണത്തിനുള്ളത്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ മുന്നണി സർക്കാരിന് കഴിഞ്ഞുവെന്നും ഇതേ മുന്നണി തന്നെ 2025 ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ എത്തുമെന്നും ഇന്ത്യൻ വംശജൻ കൂടിയായ പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു

ഭരണ മുന്നണിയിൽ ഉള്ള മൂന്നു പാർട്ടികളും വിവിധ ആശയങ്ങൾ ഉള്ള പാര്‍ട്ടികളാണെന്നും അതിനാല്‍ ഒരുമിച്ച് മത്സരിക്കാന്‍ സാധ്യത ഉണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ലിയോ വരദ്കർ പറഞ്ഞു. ഇതിനിടയിൽ ലിയോ വരദ്കർ 2024 മാർച്ചിൽ പൊതു തിരഞ്ഞെടുപ്പ് നടത്താന്‍ സഖ്യകക്ഷികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയേക്കുമെന്ന ഊഹാപോഹങ്ങള്‍ ഉയർന്നു വന്നിരുന്നു. എന്നാൽ അങ്ങനെ ഒരു നീക്കം ഇല്ലെന്ന വിശദീകരണവും ലിയോ വരദ്കര്‍ നൽകിയിട്ടുണ്ട്.

അയർലൻഡിൽ ഇനി നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ 2024 ജൂണിലെ ലോക്കല്‍, യൂറോപ്യന്‍ പോളുകള്‍ ആയിരിക്കുമെന്ന് ലിയോ വരദ്കര്‍ വ്യക്തമാക്കി. കഴിഞ്ഞ തവണ നേടിയ അത്രയും സീറ്റുകള്‍ തന്നെ വരുന്ന ലോക്കല്‍, യൂറോപ്യന്‍ തെരഞ്ഞെടുപ്പുകളില്‍ ഫിനഗേല്‍ പാർട്ടി നേടുമെന്ന പ്രതീക്ഷ ലിയോ വരദ്കര്‍ പങ്കുവച്ചു. വരുന്ന തിരഞ്ഞെടുപ്പുകളിലും താന്‍ തന്നെ ഫിനഗേല്‍ പാർട്ടിയെ നയിക്കുമെന്ന പ്രതീക്ഷയും 44 കാരനായ ലിയോ വരദ്കര്‍ പ്രകടിപ്പിച്ചു. 50 വയസ് തികയുന്നതോടെ താന്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും നിലവില്‍ അത്തരമൊരു തീരുമാനം തനിക്കില്ലെന്നാണ് ലിയോ വരദ്കര്‍ പറയുന്നത്.

രണ്ടാം വട്ടമാണ് ലിയോ വരദ്കർ അയർലൻഡ് പ്രധാനമന്ത്രി ആകുന്നത്. 2017-20 ൽ ഒരു തവണ പ്രധാനമന്ത്രി ആയിരുന്നു. ഉപപ്രധാനമന്ത്രി ആയിരിക്കെയാണ് 2022 ഡിസംബറിൽ മുന്നണി സർക്കാരിലെ ഫിയാനഫോൾ നേതാവ് മൈക്കൽ മാർട്ടിൻ രണ്ടരവർഷം പൂർത്തിയാക്കി മുൻ ധാരണപ്രകാരം ഒഴിഞ്ഞതോടെയാണ് ഫിനഗേല്‍ പാർട്ടി നേതാവെന്ന നിലയിൽ വീണ്ടും പ്രധാനമന്ത്രിയായത്.

ഡോക്ടറായ ലിയോ വരദ്കർ 2007 ൽ ആണ് ആദ്യം എംപിയായത്. കോവിഡ് കാലമായതിനാൽ ആ സമയത്ത് അദ്ദേഹം തന്റെ സേവനം ആശുപത്രിയിലും ഉറപ്പ് വരുത്തിയിരുന്നു. 2017 ജൂൺ 13 ന് ആദ്യമായി പ്രധാനമന്ത്രിയായപ്പോൾ 38 വയസായിരുന്ന ലിയോ വരദ്കർ അയർലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തെ ആദ്യ സ്വവർഗാനുരാഗിയായ പ്രധാനമന്ത്രി തുടങ്ങിയ റെക്കോർഡുകൾക്ക് ഉടമയാണ്. മുംബൈ സ്വദേശി അശോക് വരാഡ്കറുടെയും അയർലൻഡ് സ്വദേശി മിറിയത്തിന്റെയും ഇളയ മകനായി ഡബ്ലിനിലാണു ജനിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.