സ്വന്തം ലേഖകൻ: അയര്‍ലൻഡ് പാർലമെന്റിലേക്ക് വെള്ളിയാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആകെയുള്ള 43 പാർലമെന്റ് മണ്ഡലങ്ങളിൽ നിന്നും 174 പാർലമെന്റ് അംഗങ്ങളാണ് തിരഞ്ഞെടുക്കപ്പെടേണ്ടത്. ഇതിൽ 41 പേരെ മാത്രമാണ് ഇതുവരെ വിജയികളായി പ്രഖ്യാപിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയും ഫിനഗേൽ പാർട്ടി നേതാവുമായ സൈമൺ ഹാരിസ് ഉൾപ്പടെയുള്ള പ്രമുഖർ വിജയിച്ചു. വിക്ലോവ് മണ്ഡലത്തിൽ നിന്നുമാണ് ടിഡിയായി തിരഞ്ഞെടുക്കപ്പെട്ടത്.
എക്‌സിറ്റ്പോൾ ഫലങ്ങൾ നൽകിയ സൂചനകൾ പോലെ പ്രതിപക്ഷമായ സിൻഫെയിൻ പാർട്ടിക്ക് മികച്ച വിജയം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് സൈമൺ ഹാരിസ് പറഞ്ഞു. ശുഭ പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾക്കായി കാത്തിരിക്കുന്നതെന്നും ഫിനഗേൽ വീണ്ടും അധികാരത്തിൽ എത്തുവാൻ സാധ്യത ഉണ്ടെന്നും സൈമൺ ഹാരിസ് പറഞ്ഞു. വിക്ലോവ് മണ്ഡലത്തിൽ നിന്നും 30% ത്തിനടുത്ത് ഫസ്റ്റ് പ്രിഫറൻസ് വോട്ടുകൾ നേടിയും ആദ്യ റൗണ്ടിൽ തന്നെ 16,869 വോട്ടുകളുമായി ക്വോട്ട മറികടക്കുകയും ചെയ്താണ് സൈമൺ ഹാരിസ് വിജയിച്ചത്.
ഫിനഗേൽ, ഫിനാഫാൾ, ഗ്രീൻ പാർട്ടി എന്നിവ സംയുക്തമായാണ് ഭരണം നടത്തിയിരുന്നതെങ്കിലും വെവ്വേറെയാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. കൂടാതെ മുഖ്യപ്രതിപക്ഷമായ സിൻഫെയിൻ ഉൾപ്പടെ 30 രാഷ്ട്രീയ പാർട്ടികൾ ആണ് അയർലൻഡിൽ മത്സരിച്ചത്. സ്വതന്ത്രർ ഉൾപ്പടെ ഏകദേശം 650ൽപ്പരം സ്ഥാനാര്‍ഥികൾ മത്സരിച്ചു. നിലവിലെ കണക്കുകൾ പ്രകാരം ഫിനാഫാൾ 21.3% വോട്ടുകൾ നേടി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഫിനഗേൽ 20.8% വോട്ടുകൾ നേടി തൊട്ടടുത്ത് ഉണ്ട്. പ്രതിപക്ഷമായ സിൻഫെയിൻ 18.7% വോട്ട് നേടി മൂന്നാം സ്ഥാനത്താണ്.
സൈമൺ ഹാരിസിനെ കൂടാതെ ഉപ പ്രധാനമന്ത്രി മിഹോൾ മാർട്ടിൻ, പ്രതിപക്ഷ നേതാവ് മേരി മാക്ഡോണൾഡ്, ആന്റു പാർട്ടി ലീഡർ പാഡോർ ടോബിൻ എന്നിവർ വിജയിച്ചു. സൈമൺ ഹാരിസിന് ഒപ്പം ഗ്രീൻ പാർട്ടി പ്രതിനിധികളായി ഭരണം പങ്കിട്ടിരുന്ന ഓഷിൻ സ്മിത്ത്, ജോ ഒബ്രിയാൻ തുടങ്ങിയ മന്ത്രിമാർ പരാജയപ്പെട്ടു. ഇതുവരെ ഫലം പ്രഖ്യാപിച്ച മണ്ഡലങ്ങളിൽ പൂർണ്ണ ഫലം പുറത്തു വന്നത് ഡൺലേരി, വെസ്റ്റ് മീത്ത് മണ്ഡലങ്ങളിൽ മാത്രമാണ്. വോട്ടെണ്ണൽ ഇത്തരത്തിൽ തുടരുകയാണെങ്കിൽ പൂർണ്ണഫലം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മാത്രമെ പുറത്തുവരാൻ സാധ്യതയുള്ളു.
അതേസമയം അയർലൻഡിലെ മലയാളി സ്ഥാനാർഥി മഞ്ജു ദേവിക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരാജയം. അയർലൻഡിലെ വോട്ടെണ്ണൽ പുരോഗമിക്കവെ മലയാളി സമൂഹം ഏറെ ആകാംഷയോടെ കാത്തിരുന്ന ഡബ്ലിൻ ഫിംഗൽ ഈസ്റ്റിലെ ഫിനഫാൾ സ്ഥാനാർഥി മഞ്ജു ദേവിക്ക് ഇതുവരെ നേടാനായത് 963 ഫസ്റ്റ് പ്രിഫറൻസ് വോട്ടുകൾ മാത്രം. വോട്ടെണ്ണൽ ആറാം റൗണ്ടിലേക്ക് കടക്കുമ്പോൾ 8957 വോട്ടുകൾ നേടി മഞ്ജുവിന് ഒപ്പം ഒരേ പാനലിൽ മത്സരിച്ച ഭവന, തദ്ദേശ വകുപ്പ് മന്ത്രി ഡാരാ ഓ’ ബ്രീൻ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല