2050ഓടു കൂടി അയര്‍ലണ്ടിലെ ജനസംഖ്യ 10 മില്യനാകുമെന്ന് ഐറിഷ് ബിസിനസ് സംഘടനയുടെ മുന്നറിയിപ്പ്. ഇത്രയും വലിയ ജനസംഖ്യ വര്‍ധനവ് മുന്നില്‍ കണ്ട് അതിന് അനുസൃതമായി രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും ഐബിഇസി ചീഫ് എക്‌സിക്യൂട്ടീവ് ഡാനി മെക്കോയ് പറഞ്ഞു.
ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ഐറിഷ് ജനസംഖ്യ 10 മില്യണ്‍ ആകുമെന്നും അതിനാല്‍ തന്നെ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാ വര്‍ധനവിന് അനുസരിച്ച് യാഥാര്‍ത്ഥ്യ ബോധത്തോടെയുളള ആസൂത്രണം രാജ്യത്ത് ഇപ്പോള്‍ തന്നെ തുടങ്ങണമെന്നും മെക്കോയ് കൂട്ടിച്ചേര്‍ത്തു. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളിലും ഊര്‍ജ സംഭരണത്തിലും രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങള്‍ കുറവുണ്ടെന്നും ഇക്കാര്യത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത രാജ്യത്ത് ജനങ്ങള്‍ തിങ്ങി നിറഞ്ഞാലുള്ള അവസ്ഥ ഭയാനകമാകുമെന്നും ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞു. താരതമ്യേന ചെറിയ രാജ്യമായ അയര്‍ലന്‍ഡിലേക്ക് നിരവധി ആളുകളാണ് കുടിയേറി പാര്‍ക്കുന്നത്. കുറച്ചു നാളുകള്‍ കൂടി കഴിയുമ്പോള്‍ കുടിയേറ്റവും ജനപ്പെരുപ്പവും കൂടി രാജ്യത്തിന് താങ്ങാനാവുന്നതിലും അധികം ആളുകളെത്തും.
നിലവില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉയര്‍ന്ന നിരക്കിലുള്ള വരുമാന നികുതി കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ മാത്രമെ കമ്പനികള്‍ക്ക് അയര്‍ലണ്ടില്‍ നിക്ഷേപത്തിനും തൊഴിലവസരങ്ങള്‍ സ്രഷ്ടിക്കുന്നതിനും താല്‍പര്യമുണ്ടാകുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലഭ്യമായ കണക്കുകള്‍ പ്രകാരം അയര്‍ലണ്ടില്‍ 4.58 മില്യണ്‍ ജനസംഖ്യയാണ് നിലവിലുള്ളത് . 2050 ആകുമ്പോഴേക്കും 4.8 മില്യണ്‍ ആളുകള്‍ വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട് . പ്രതിവര്‍ഷം മുപ്പതിനായിരത്തോളം ആളുകള്‍ അയര്‍ലണ്ടിലേക്ക് കുടിയേറുന്നുണ്ട്.കഴിഞ്ഞ രണ്ടു വര്‍ഷമായി ഇതില്‍ മൂന്നിലൊന്നു പേരും ഇന്ത്യാക്കാരാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല