സ്വന്തം ലേഖകന്‍: ‘ഞാന്‍ ലോകത്തെ ഏറ്റവും ഭാഗ്യമുള്ള പെണ്‍കുട്ടി, ഗോവയിലേക്ക് മറ്റൊരു സാഹസിക യാത്രയ്ക്ക് പോകുന്നു,’ ഗോവയില്‍ ക്രൂരമായി ബലാല്‍ക്കാരം ചെയ്തു കൊല്ലപ്പെട്ട ഐറിഷ് വനിതയുടെ അവസാന ഫേസ്ബുക്ക് പോസ്റ്റ്. ഗോവയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ അയര്‍ലന്റുകാരി ഡാനിയേലെ മക് ക്‌ളോഗിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കും മക് ക്ലോഗിന്റെ കൊലപാതകം കാരണമായിട്ടുണ്ട്.
ചൊവ്വാഴ്ച തെക്കന്‍ ഗോവയിലെ കാങ്കോണില്‍ ദേവ് ബാഗ് ബീച്ചിന് സമീപത്തെ വെള്ളക്കെട്ടിലാണ് മക് ക്ലോഗിന്റെ മൃതദേഹം കണ്ടെത്തിയത്. മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ ലൈംഗിക പീഡനത്തിനു ശേഷം മുഖം ബീയര്‍ കുപ്പികൊണ്ട് കുത്തിക്കീറി വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നും രക്തക്കറ പുരണ്ട വസ്ത്രങ്ങളും ഇരുചക്ര വാഹനങ്ങളും പോലീസ് കണ്ടെടുത്തിരുന്നു.
സംഭവത്തില്‍ പോലീസ് വികാസ് ഭഗത് എന്ന യുവാവിനെ പിടികൂടുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച വൈകിട്ട് ഇയാള്‍ യുവതിക്ക് പിന്നാലെ പോകുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വികാസ് ഡാനിയേലയുടെ സുഹൃത്തായിരുന്നെന്ന് പരിചയക്കാര്‍ പറയുന്നു. ഇതിനു മുമ്പ് ഡാനിയേല ഗോവ സന്ദര്‍ശിച്ചപ്പോഴാണ് ഇവര്‍ സൗഹൃദത്തിലായത്.
കഴിഞ്ഞ ഫെബ്രുവരി 23 ന് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ഇന്ത്യയില്‍ എത്തിയ ദാനിയേലയെ നാട്ടുകാര്‍ക്കൊപ്പം ഹോളി ആഘോഷിച്ചതിന് പിന്നാലെ കാണാതാകുകയായിരുന്നു. പിറ്റേന്ന് ഒരു കര്‍ഷകനാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം ദാനിയേലയുടെ മാതാവ് ആന്‍ഡ്രിയ ബ്രാന്നിഗന് ജീവിക്കാനുള്ള അവസാന പ്രതീക്ഷ കൂടിയാണ് നഷ്ടമായതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. നേരത്തേ ഭര്‍ത്താവും പിതാവും മറ്റൊരു മകളും ഉള്‍പ്പെടെ തന്റെ രക്തബന്ധങ്ങളെ മുഴുവന്‍ നഷ്ടമായ ആന്‍ഡ്രിയയുടെ അവസാന രക്തബന്ധമാണ് ഡാനിയേലയുടെ കൊലപാതകത്തോടെ അറ്റുപോയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല