സ്വന്തം ലേഖകന്‍: ഫ്‌ലോറിഡ തീരത്തേക്ക് സംഹാര രൂപം പൂണ്ട ഇര്‍മയെത്തുന്നു, 56 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി, മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ സുരക്ഷിതര്‍. ക്യൂബയെയും കരീബിയന്‍ ദ്വീപുകളെയും തൂത്തെറിഞ്ഞ ഇര്‍മ ചുഴലിക്കാറ്റ് യുഎസിലെ ഫ്‌ളോറിഡ തീരത്തിന് തൊട്ടടുത്തെത്തി. ഇന്ത്യന്‍ വംശജര്‍ അടക്കമുള്ള ഫ്‌ളോറിഡ സംസ്ഥാനത്തെ 56 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന തിരിക്കിലാണ് അധികൃതര്‍. തിവിനാശകാരിയായ കാറ്റഗറി അഞ്ചിലാണ് ഇര്‍മ ചുഴലിക്കാറ്റിന്റെ സ്ഥാനം. ഇത് കാറ്റഗറി മൂന്നായി കുറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ മണിക്കൂറില്‍ 260 കിലോമീറ്ററിലധികം വേഗത്തിലാണ് കാറ്റ് യുഎസ് തീരത്തേക്ക് നീങ്ങുന്നതെന്നും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്നുമാണ് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. വെള്ളിയാഴ്ചയും ഇന്നെലയുമായി കരീബിയന്‍ തീരത്തും ക്യൂബയിലും വന്‍ ദുരന്തം വിതച്ച ശേഷമാണ് കാറ്റ് ഫ്‌ലോറിഡയിലേക്ക് നീങ്ങുന്നത്. ഈ മേഖലയില്‍ ഇതുവരെ 24 പേര്‍ മരിച്ചുവെന്നാണ് വിവരം. വന്‍ നാശനഷ്ടവുമുണ്ടായി. എന്നാല്‍, മരണസംഖ്യ ഇതിനേക്കാള്‍ കൂടുതലെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.
ഇര്‍മ നാശം വിതച്ച ദുരിതമേഖലയിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.കരാക്കസ്, ഹവാന, ജോര്‍ജ് ടൗണ്‍, പോര്‍ട് ഓഫ് സ്‌പെയ്ന്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യക്കാരെ പൂര്‍ണമായും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചു. യുഎസ് തീരത്ത് ഇര്‍മ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. യുഎസിലെ ഏത് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പോയാലും നിയമക്കുരുക്കളില്ലാതെ നാട്ടിലേക്ക് വിസയും പാസ്‌പോര്‍ട്ടും ലഭിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
ഫ്‌ളോറിഡയ്ക്കു പുറമെ ജോര്‍ജിയ, കരോലിന മേഖലയിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇവിടങ്ങളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്‌ളോറിഡയിലെ ജനസംഖ്യയുടെ 25 ശതമാനവും ഒഴിഞ്ഞുപോയി. നേരത്തെ, ക്യൂബന്‍ തീരത്ത് വീശിയപ്പോള്‍, കാറ്റഗറി നാലിലായിരുന്നു കാറ്റ്. അവിടെ നിന്നു നീങ്ങിയതോടെ ശക്തി കൂടി കാറ്റഗറി അഞ്ചിലേക്കു മാറി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൂറായി 97,000 കോടി രൂപയുടെ അടിയന്തര ദുരിതാശ്വാസ നിധി ട്രംപ് അനുവദിച്ചു.
ക്യൂബയില്‍ വടക്കുകിഴക്കന്‍ തീരത്തെ കാമഗ്വെ ദീപുകളിലാണ് ഇര്‍മ ഏറെ നാശം വിതച്ചത്. അവിടെ വെള്ളപ്പൊക്കവും രൂക്ഷം. ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, ഹെയ്തി, ബഹാമസ്, ടര്‍ക്‌സ് ആന്‍ഡ് കയ്‌ക്കോസ് ദ്വീപുകള്‍, സെന്റ് മാര്‍ട്ടിന്‍ ദ്വീപുകള്‍, ബാര്‍ബഡ, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍, യുഎസ് വിര്‍ജിന്‍ ദ്വീപുകള്‍, പ്യൂര്‍ട്ടോറിക്ക എന്നിവിടങ്ങളിലും വന്‍ നാശനഷ്ടം. ബാര്‍ബഡയില്‍ 95 ശതമാനം കെട്ടിടങ്ങളും നിലംപൊത്തി. രണ്ടായിരത്തില്‍ താഴെ ജനങ്ങളുള്ള ദ്വീപില്‍ ഭൂരിഭാഗത്തെയും ബാധിച്ചു.
ഫ്രഞ്ച് നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രമായ സെന്റ് മാര്‍ട്ടിന്‍ ദ്വീപ് നിലംപരിശായി. അറ്റ്‌ലാന്റിക്കിലെ കേപ് വെര്‍ദ് ദ്വീപുകള്‍ക്കു സമീപമാണ് ഇര്‍മയുടെ ഉത്ഭവം. ഇര്‍മയ്ക്കു പിന്നാലെ കാത്യ, ജോസ് കാറ്റുകളും യുഎസ് തീരത്തേക്ക് നീങ്ങുന്നുണ്ട്. ഇതില്‍ കാത്യ കാറ്റഗറി ഒന്നിലും ജോസ് നാലിലുമാണ് പെടുന്നത്. തീരത്ത് എത്തുമ്പോഴേക്കും ഇതിന്റെ ശക്തി കുറയുമെന്നാണ് പ്രവചനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല