സ്വന്തം ലേഖകന്‍: പേമാരിയും വീശിയടിക്കുന്ന കാറ്റുമായി ഇര്‍മ ഫ്‌ലോറിഡയിലെത്തി, 63 ലക്ഷം പേരെ ഒഴിപ്പിച്ചു. ഞായറാഴ്ച രാവിലെ ഏഴുമണിക്കാണ് മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റ് ഫ്‌ലോറിഡയിലെത്തിയത്. കാറ്റഗറി നാലില്‍ തുടരുന്ന ഇര്‍മ വന്‍നാശം വിതയ്ക്കുമെന്നാണ് കരുതുന്നത്. ഇതുവരെ ഫ്‌ലോറിഡയില്‍നിന്ന് 63 ലക്ഷം പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും നാശം വിതച്ച ഇര്‍മ, ഫ്‌ളോറിഡയുടെ തെക്കന്‍ ഭാഗങ്ങളിലേക്കാണ് ഇപ്പോള്‍ പ്രവേശിച്ചിരിക്കുന്നത്. ഫ്‌ളോറിഡ കീസ് ദ്വീപസമൂഹത്തില്‍ നിന്നാണ് ഇര്‍മ കരയിലേക്ക് കടന്നത്. ഫ്‌ലോറിഡയില്‍ കനത്ത മഴയും 209 കിമീ വേഗത്തില്‍ വീശിയടിക്കുന്ന കാറ്റും നാശം വിതക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ 63 ലക്ഷം ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ‘ജീവന് ഭീഷണിയാണ്’ ഇര്‍മ എന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചു.
കരീബിയന്‍ ദ്വീപുകളില്‍ കനത്ത നാശം വരുത്തിയ ഇര്‍മ, 25 പേരുടെ ജീവനാണ് കവര്‍ന്നത്.ചുഴലിയുടെ കേന്ദ്രം മയാമിയില്‍ നിന്ന് ഫ്‌ലോറിഡ കീയിലേക്ക് മാറിയത് ഒഴിപ്പിക്കല്‍ നടപടിയെയും മറ്റ് മുന്‍കരുതലുകളെയും ബാധിച്ചിട്ടുണ്ടെന്ന് നാഷണല്‍ ഹറികെയ്ന്‍ സെന്റര്‍ (എന്‍.എച്ച്.സി.) പറഞ്ഞു. കാറ്റ് ഫ്‌ലോറിഡയില്‍നിന്ന് തെക്കന്‍ തീരനഗരങ്ങളായ നേപ്പിള്‍സ്, ഫോര്‍ട്ട് മെയേഴ്‌സ്, ടാംപബേ എന്നിവിടങ്ങളിലേക്കാണ് നീങ്ങുന്നത്.
ഒഴിഞ്ഞുപോകാന്‍ കഴിയാതിരുന്നവര്‍ക്കായി പോലീസ് അവസാനവട്ട ദുരിതാശ്വാസകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. സ്ഥിതിഗതികള്‍ ഭീതിജനകമായിക്കൊണ്ടിരിക്കുകയാണെന്ന് ഫ്‌ലോറിഡ ഗവര്‍ണര്‍ റിക്ക് സ്‌കോട്ട് പറഞ്ഞു. ഈ മേഖലയിലെ വൈദ്യുത ബന്ധം പൂര്‍ണമായും തകരാറിലായി. മണിക്കൂറില്‍ 258 കിലോമീറ്റര്‍ വേഗത്തിലായിരുന്ന ഇര്‍മ, അമേരിക്കന്‍ തീരത്തെത്തിയപ്പോള്‍ വേഗം കുറഞ്ഞ് കാറ്റഗറി 4 ലേക്ക് മാറിയത് അധികൃതര്‍ക്ക് നേരിയ ആശ്വാസം നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല