സ്വന്തം ലേഖകന്‍: ഇര്‍മാ ചുഴലിക്കാറ്റ് ശനിയാഴ്ച ഫ്‌ലോറിഡ തീരത്തെത്തും, കരീബിയന്‍ മേഖലയില്‍ കനത്ത നാശനഷ്ടം, ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് കിടപ്പാടം നഷ്ടമായി. കഴിഞ്ഞ ദിവസം ബാര്‍ബുദ ദ്വീപിലെ മുഴുവന്‍ കെട്ടിടങ്ങള്‍ക്കും ചുഴലിക്കാറ്റില്‍ കേടുപാട് സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. 1400 ഓളം ആളുകള്‍ ഭവനരഹിതരായി. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. തകരാറുകള്‍ പരിഹരിച്ച് ഈ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ മാസങ്ങളെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് കരീബിയനിനില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുംബത്തോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്ന രണ്ടു വയസ്സുകാരി മരിച്ചു. സ!ഞ്ചാരപാതയില്‍ കനത്ത നാശം വിതയ്ക്കുന്ന ഇര്‍മ, ഫ്രഞ്ച് അധീനതയിലുള്ള കരീബിയന്‍ ദ്വീപായ സെന്റ് മാര്‍ട്ടിനില്‍ ഒമ്പതു പേരുടെ ജീവനെടുത്തു. ഇതോടെ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 10 ആയി. ദുരന്തം മുന്നില്‍ കണ്ട് പ്യൂര്‍ടോറിക്കയില്‍ ഒമ്പതു ലക്ഷം ആളുകളെ ഒഴിപ്പിച്ചു.
പ്യൂര്‍ടോറികോയില്‍ മൂന്നില്‍ രണ്ട് വീടുകളിലും വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. 17 ശതമാനം ആളുകള്‍ കുടിവെള്ളമില്ലാതെ കഴിയുകയാണ്. കാറ്റിന്റെ ദിശ വടക്കന്‍ ഹിസ്പാനിയോലയിലേക്ക് നീങ്ങുന്നതോടെ ഹെയ്തിയില്‍ 30 ലക്ഷം ആളുകള്‍ ദുരിതത്തിലാവും. ദുരന്ത സാധ്യത കണക്കിലെടുത്ത് ആളുകളോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരീബിയന്‍ ദ്വീപായ കുറകാവോയിലേക്ക് അവശ്യ സാധനങ്ങള്‍ ഹെലികോപ്ടര്‍ വഴി എത്തിച്ചതായി ഡച്ച് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കാറ്റ് ചെറുദ്വീപുകളിലാണ് കൂടുതല്‍ നാശം വിതക്കുന്നത്. അതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് ബാര്‍ബുദ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു. ബാര്‍ബുദയില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ പുനര്‍നിര്‍മാണത്തിന് 10 കോടി ഡോളറെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 80,000 ത്തോളം താമസക്കാരുള്ള ഈ ചെറുദ്വീപിലാണ് ഇര്‍മാ ഏറ്റവും നാശം വിതച്ചത്. ശനിയാഴ്ച കാറ്റ് ഫ്‌ലോറിഡയിലെത്തുമെന്നാണ് കരുതുന്നത്.
യു.എസ് സംസ്ഥാനമായ ഫ്‌ലോറിഡ, യു.എസിന്റെ അധീനതയിലുള്ള പ്യൂര്‍ടോറിക്കോ, വിര്‍ജിന്‍ ഐലന്‍ഡ്‌സ് എന്നിവിടങ്ങളില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഹാര്‍വി ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളാണിവ. വീണ്ടുമൊരു ദുരന്തം അതിജീവിക്കാന്‍ ഈ മേഖലയ്ക്കു കഴിയുമോ എന്ന ആശങ്കയിലാണ് അധികൃതരും താമസക്കാരും. വര്‍ഷങ്ങള്‍ക്കിടെ അറ്റ്‌ലാന്റിക് തീരത്ത് നാശം വിതക്കുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് മണിക്കൂറില്‍ 285 കി.മീ വേഗത്തില്‍ വീശുന്ന ഇര്‍മാ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല