സ്വന്തം ലേഖകന്‍: ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷം ഇറോം ശര്‍മ്മിളക്ക് മംഗല്യം, വരന്‍ ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുട്ടിനോവ്. തമിഴ്‌നാട്ടിലെ കൊടൈക്കനാലില്‍ ബുധനാഴ്ച രാവിലെയാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇരുവരും എത്തിയത്. മണിപ്പൂരി സമരനായിക ഇറോം ശര്‍മിളയും ഗോവയില്‍ സ്ഥിര താമസമാക്കിയ ബ്രിട്ടീഷ് പൗരന്‍ ഡെസ്മണ്ടും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു.
നിയമമനുസരിച്ച് വിവാഹവിവരം ഒരുമാസം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ച ശേഷമേ രജിസ്റ്റര്‍ ചെയ്യാനാവൂവെന്ന് സബ് രജിസ്ട്രാര്‍ വ്യക്തമാക്കി. അതോടെ മുപ്പത് ദിവസത്തിനു ശേഷം കൊടൈക്കനാലില്‍ താനും ഡെസ്മണ്ടും വിവാഹിതരാകുമെന്ന് ഇറോം പറഞ്ഞു. മണിപ്പൂരില്‍ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ജീവിതത്തിലെ പോരാട്ടത്തില്‍ താന്‍ തോറ്റിട്ടില്ല. സെപ്റ്റംബര്‍ 17ന് ഭുവനേശ്വറില്‍ നടക്കുന്ന അന്താരാഷ്ട്ര യൂത്ത് സമ്മേളനത്തില്‍ പങ്കെടുക്കും.
നേരത്തെ പതിനാറ് വര്‍ഷം നീണ്ട സമരത്തിന് അന്ത്യം കുറിച്ചാണ് ഇറോം ശര്‍മിള രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങിയത്. പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട ഇറോമിന് 90 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് അവര്‍ ദക്ഷിണേന്ത്യയിലേക്കു മാറി താമസിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല