സ്വന്തം ലേഖകന്‍: മണിപ്പൂരിന് ഇറോം ശര്‍മിളയെ വേണ്ട! ഇറോം സംസ്ഥാനം വിടാന്‍ ഒരുങ്ങുന്നതായി സൂചന. പതിനാറ് വര്‍ഷത്തെ സമരം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ജനങ്ങളില്‍ നിന്നുണ്ടായ വിപരീത പ്രതികരണത്തോട് പ്രതികരിക്കവെയാണ് തന്റെ ജനതക്ക് തന്നെ വേണ്ടെങ്കില്‍ മണിപ്പൂരില്‍ നിന്ന് പോകുമെന്ന് ഇറോം ശര്‍മിള സൂചന നല്‍കിയത്.
തന്റെ ജീവിതത്തിന്റെ ശിഷ്ടകാലവും പോരാട്ടത്തിന് വേണ്ടി ഉഴിഞ്ഞു വക്കും. പോരാട്ടം മുന്നോട്ട് കൊണ്ടു പോകാനുള്ള തയ്യാറെടുപ്പിലാണ് താന്‍. എന്നാല്‍ മണിപ്പൂര്‍ ജനതയ്ക്ക് തന്നെ വേണ്ടങ്കില്‍ സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നത് ആലോചിക്കുമെന്നും ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഇറോം പറഞ്ഞു.
സമരം നിര്‍ത്തിയതിനെക്കുറിച്ച് ആളുകളുടെ അതൃപ്തിയെക്കുറിച്ചുള്ള ചോദ്യത്തിന് ആരും പറഞ്ഞിട്ടല്ല താന്‍ സമരം തുടങ്ങിയതെന്ന് ഇറോം ശര്‍മിള പറഞ്ഞു. അതുകൊണ്ടു തന്നെ സമരം അവസാനിപ്പിക്കാനും സ്വന്തം നിലയ്ക്ക് തീരുമാനം എടുത്താല്‍ മതിയെന്ന് തോന്നിയെന്ന് അവര്‍ പറഞ്ഞു. ജീവന് ഭീഷണിയുണ്ടോ എന്ന ചോദ്യത്തിന് മണിപ്പൂരിന് വേണ്ടി രക്തസാക്ഷിയാകാനും താന്‍ തയ്യാറാണെന്ന് ഇറോം ശര്‍മിള പറഞ്ഞു.
പ്രണയത്തിന് വേണ്ടി സമരം അവസാനിപ്പിച്ചുവെന്ന ആരോപണത്തോടും ഇറോം പ്രതികരിച്ചു. പ്രണയം രണ്ട് പേര്‍ക്കിടയിലുള്ള വൈകാരിക ബന്ധമാണ്. ഡെസ്മണ്ട് കൊടിഞ്ഞോ ഇപ്പോള്‍ അയര്‍ലണ്ടിലാണ്. അദ്ദേഹവുമായി കണ്ടിട്ട് തന്നെ കുറെ നാളായി. തന്റെ ആദ്യ പ്രണയം മണിപ്പൂര്‍ തന്നെയാണെന്നും ഇറോം ശര്‍മിള പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല