ചിലകാര്യങ്ങള്‍ പറയാന്‍ നമുക്ക് ഭൂതകാലത്തിന്റെ സഹായം വേണ്ടിവരും. ഇതും അങ്ങനത്തെ ഒരു കഥയാണ്. ഇന്ത്യയില്‍ ഒരുവിഭാഗം ജനങ്ങള്‍ കൊടിയ പീഡനത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും കഥയാണ്. ഇറോം ശര്‍മ്മിള ഇന്ന് അറിയപ്പെടുന്നത് മണിപ്പൂരിന്റെ ഉരുക്കു വനിതയെന്നാണ്. കവി, സാമൂഹിക പ്രവര്‍ത്തക, മനുഷ്യാവകാശ പ്രവര്‍ത്തക, പത്രപ്രവര്‍ത്തക എന്നീ നിലകളിലെല്ലാം ഇറോം ശര്‍മ്മിള ലോകത്തിന് പരിചയമാണ്. മണിപ്പൂരിലെ ഒരു സാധാരണ പെണ്‍കുട്ടിയെ ഇങ്ങനെയൊക്കെ ആക്കി തീര്‍ത്തത് സമസ്ത സുന്ദരമായ ‘ഇന്ത്യന്‍ അവസ്ഥ’ കൂടിയാണ്. 1958ല്‍ മണിപ്പൂരില്‍ നടപ്പില്‍ വരുത്തിയ Armed Forces (Special Powers) Act ആണ് ഇതിനെല്ലാത്തിനും കാരണം.
ഇപ്പോള്‍ ഇറോം ശര്‍മിളയുടെ പോരാട്ടം വിജയത്തിലേക്ക് അടുക്കുകയാണ്. മണിപ്പൂരിലെ ജനങ്ങളെ കെട്ടി പൂട്ടിയിട്ട ‘സായുധ സേനാ പ്രത്യേക അധികാരനിയമം’ ഇനിയും തുടരാനാകില്ലെന്ന് കേന്ദ്രഗവണ്‍മെന്റിന് തിരിച്ചറിവുണ്ടായിരിക്കുന്നു. ഇത് മണിപ്പൂരിലെ സാമാന്യജനതയുടെ വിജയമാണ്. ആ ജനതയുടെ ദൃഢനിശ്ചയത്തിന്റെ ആള്‍രൂപമായി മാറിയ ഇറോം ശര്‍മിള ഷാനു എന്ന സ്ത്രീയുടെ സഹനസമരത്തിന്റെ വിജയമാണ്. ഇന്ത്യയിലെമ്പാടുമുള്ള ജനാധിപത്യശക്തികള്‍ ഈ അഭിമാനവേളയില്‍ അവരെ അഭിവാദ്യം ചെയ്യുന്നു.
ഇറോം ശര്‍മ്മിള ഏതൊരു മണിപ്പൂരി പെണ്‍കുട്ടിയേയും പോലെ കോളേജ് വിദ്യാഭ്യാസവും അതിനിടയിലെ കവിതയെഴുത്തുമായി കഴിഞ്ഞിരുന്നതാണ്. എന്നാല്‍ അതിനിടയില്‍ ചെയ്ത പത്രപ്രവര്‍ത്തന കോഴ്സാണ് ശര്‍മ്മിളയുടെ ജീവിതത്തെ മാറ്റിമറിച്ചത്. കോഴ്സിന്റെ ഭാഗമായി സെപ്തംബര്‍ 2000ല്‍ ഇംഫാല്‍ ഹ്യൂമന്‍ റൈറ്റ്സ് അലര്‍ട്ടില്‍ (Human Rights Alert, Imphal) ഒരു മാസത്തെ ഇന്റേണ്‍ഷിപ്പ് ചെയ്തു. ഇതാണ് ഇറോം ശര്‍മ്മിളയുടെ ജീവിത്തതെ മാറ്റിമറിച്ചത്.
ഒരു മാസത്തിനുശേഷം നവംബര്‍ മാസത്തിന്റെ ആദ്യം മാലോം നഗരത്തിന്റെ അതിര്‍ത്തിയില്‍ ബസ്സ് കാത്തുനിന്ന് പത്തുപേരെ ആസാം റൈഫിള്‍സ് വെടിവെച്ചു കൊന്നു. ഇത് പിന്നീട് മാലോം കൂട്ടക്കൊല എന്ന പേരിലാണ് അറിയപ്പെട്ടത്. ഇത് വളരെ കാലമായി സൈന്യം നടത്തുന്ന ക്രൂരതകളുടെ തുടര്‍ച്ച മാത്രമായിരുന്നു. അടുത്ത ദിവസം പത്രങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ കൂട്ടത്തില്‍ കുട്ടികള്‍ക്കുള്ള ദേശീയ ധീരതാ അവാര്‍ഡ് നേടിയ സിനം ചന്ദ്രമാണി എന്ന പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അടുത്ത ദിവസംതന്നെ മണിപ്പൂരിലെ സ്വാതന്ത്ര്യ സംഘടനകളും, മറ്റ് സംഘങ്ങളും ഉള്‍പ്പെടെ എല്ലാ മണിപ്പൂരികളും സൈന്യത്തിനെതിരെ സമരം തുടങ്ങി. ഈ സമരങ്ങളെ സൈന്യം അടിച്ചമര്‍ത്താന്‍ തുടങ്ങി. ഈ സമയത്താണ് ശര്‍മ്മിള തന്റെ നിരാഹാര സമരം ആരംഭിക്കുന്നത്.
2000 നവംബറിലാണ് ഇറോം ശര്‍മിളയുടെ സമരം ആരംഭിച്ചത്. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ ബസ് കാത്തുനിന്ന പത്തുപേരെ സൈന്യം വെടിവച്ചു കൊന്നതില്‍ പ്രതിഷേധിച്ചാണ് അവര്‍ സമരം തുടങ്ങിയത്. അന്നുതൊട്ടിന്നുവരെ മൂക്കിലൂടെ കുഴല്‍ വഴി സൈന്യം ബലമായി കടത്തിവിടുന്ന ദ്രാവകങ്ങളല്ലാതെ മറ്റൊന്നും ഇറോം ശര്‍മിള കഴിച്ചിട്ടില്ല. ഇപ്പോള്‍ വര്‍ഷം പതിനൊന്നായി. പട്ടാളകാവലില്‍ മൂക്കിലെ കുഴലുമായി അവര്‍ കഴിയുകയാണ്. സമരം ആരംഭിക്കുമ്പോള്‍ 28 വയസ്സായിരുന്നു ശര്‍മിളയുടെ പ്രായം.
സാധാരണജീവിതസങ്കല്‍പ്പങ്ങളുമായി കഴിഞ്ഞുവന്ന ഒരു യുവതി മനഃസാക്ഷിയെ നടുക്കുന്ന കൂട്ടനരഹത്യയുടെ മുന്നില്‍ ഉരുക്കുപോലെ ഉറച്ച പോരാളിയായി മാറിയ കഥയാണ് അവര്‍ ഇന്ത്യയോടു പറയുന്നത്. എല്ലാത്തരം സമ്മര്‍ദങ്ങളുണ്ടായപ്പോഴും ‘ആഫ്പ്‌സാ’ എന്നു പേരുള്ള കരിനിയമം പിന്‍വലിക്കാതെ താന്‍ പിന്മാറില്ലെന്നാണ് അവര്‍ പറഞ്ഞത്. ഏതൊരാളെയും വെടിവച്ചുകൊല്ലുകയടക്കം എന്തും ചെയ്യാന്‍ സൈന്യത്തിന് സര്‍വാധികാരം നല്‍കുന്ന നിയമം സത്യത്തില്‍ നിയമവാഴ്ചയ്ക്ക് തന്നെ എതിരാണ്. ഏതൊരു ജനാധിപത്യ സമൂഹത്തിനും അത് അപമാനമാണ്. അത്തരമൊരു കിരാത നിയമത്തെ ആശ്രയിച്ചേ രാജ്യത്തിന്റെ സുരക്ഷയ്ക്ക് നിലനില്‍പ്പുള്ളൂ എന്ന് ചിന്തിക്കുന്ന ഭരണാധികാരികളാണ് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ ഭീകരവാദികളുടെ കൈകളിലേക്ക് എറിഞ്ഞുകൊടുക്കുന്നത്. ആ ലക്കു തെറ്റിയ നയത്തിന്റെ നിയമവിരുദ്ധതയേയും യുക്തിരാഹിത്യത്തേയുമാണ് ഇറോം ശര്‍മിള ചോദ്യം ചെയ്തത്. ആ ചോദ്യത്തെ അവഗണന കൊണ്ട് തോല്‍പിക്കാമെന്നാണ് ഇക്കാലമത്രയും കേന്ദ്രത്തിലെ തലതിരിഞ്ഞ ഭരണക്കാര്‍ കരുതിയത്. അത് നടപ്പില്ലെന്നു ഇപ്പോള്‍, വൈകിയാണെങ്കിലും അവര്‍ക്ക് ബോധ്യമായിരിക്കുന്നു.
ഇറോം ശര്‍മിളയുടെ സമരം വിലപ്പെട്ട പാഠങ്ങളാണ് ഇന്ത്യക്ക് നല്‍കുന്നത്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ സമര്‍പ്പിതമനസ്‌കരായി ഇറങ്ങിത്തിരിക്കുന്ന ഒരു ജനതയേയും അവര്‍ പ്രതീക്ഷയായി ഉയര്‍ത്തിയ പോരാളിയേയും ആര്‍ക്കും തോല്‍പിക്കാന്‍ കഴിയില്ലെന്നതാണ് അതില്‍ പ്രധാനം. അത്തരം സമരങ്ങളോട് ഭരണകൂടവും അതിന്റെ കടിഞ്ഞാണ്‍ പിടിക്കുന്ന കോര്‍പ്പറേറ്റ് ദൈവങ്ങളും അവരുടെ പിണിയാളരായ മാധ്യമങ്ങളും പുലര്‍ത്തുന്ന കുറ്റകരമായ നിസംഗതയും ആരെയാണ് അത്ഭുതപ്പെടുത്താത്തത്? കഴിഞ്ഞ 11 വര്‍ഷങ്ങളില്‍ മണിപ്പൂരില്‍ എത്ര എത്ര സമരരൂപങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടു? കണ്ണില്ലാത്ത ഈ കാപാലിക നീതിയെ വെല്ലുവിളിച്ചുകൊണ്ട് ഒരുനാള്‍ നിരവധി സ്ത്രീകള്‍ പൂര്‍ണ നഗ്നരായി ഇംഫാലില്‍ പ്രകടനം നടത്തി. ഇറോം ശര്‍മിളയുടെ സമരത്തെ അധികരിച്ച് എത്ര എത്ര കലാരൂപങ്ങള്‍ അരങ്ങേറി! എ ഐ വൈ എഫ് പോലെയുള്ള പ്രസ്ഥാനങ്ങളും മനഷ്യാവകാശ സംഘടനകളും ദേശവ്യാപകമായിത്തന്നെ എത്ര ഐക്യദാര്‍ഢ്യപ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുത്തു. സത്യത്തിനും മനുഷ്യാവസ്ഥയ്ക്കും വാര്‍ത്തകള്‍ക്കും സ്വന്തം ചമല്‍ക്കാര വൈവിധ്യങ്ങള്‍ കല്‍പിക്കുന്ന മാധ്യമങ്ങള്‍ അതൊന്നും കണ്ടതായി ഭാവിച്ചില്ല. അവര്‍ക്ക് അന്നാഹസാരെയും ആചാര്യ രാംദേവുമായിരുന്നു ജനകീയവികാരത്തിന്റെ അവസാനവാക്ക്!
‘സായുധസേനാ പ്രത്യേക അധികാരനിയമ’ത്തോട് വിട പറയാന്‍ കേന്ദ്രഗവണ്‍മെന്റ് തീരുമാനിക്കുന്നത് പൂര്‍ണമനസ്സോടെയാകണമെന്നില്ല. ലോകത്താകെയും ഇന്ത്യയിലും വളര്‍ന്നുവരുന്ന പുതിയ സാഹചര്യങ്ങള്‍ അവരെ അതിന് നിര്‍ബന്ധിതരാക്കിയതാണ്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘര്‍ഷങ്ങള്‍ക്ക് പട്ടാളത്തിന്റേതായ പോംവഴിയല്ല പരിഹാരം. സാമൂഹിക യാഥാര്‍ഥ്യങ്ങളെ കണക്കിലെടുക്കുന്ന രാഷ്ട്രീയപരിഹാരമാണ് അവിടുത്തെ ജനത ആവശ്യപ്പെടുന്നത്. അഴിമതിയിലും ആഭ്യന്തരക്കുഴപ്പത്തിലും പെട്ടുഴറുന്ന കേന്ദ്രഭരണക്കാര്‍ക്ക് അത് സാധിക്കുമോ? വേഷം മാറ്റിയ പുതിയ കരിനിയമങ്ങളുമായി അവര്‍ വീണ്ടും അവിടുത്തെ ജനതയെ വഞ്ചിക്കുമോ? കേന്ദ്രഗവണ്‍മെന്റിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയും പ്രശ്‌നപരിഹാരത്തിനുള്ള ദൂരക്കാഴ്ചയുമാണ് ഇപ്പോള്‍ പരീക്ഷിക്കപ്പെടുന്നത്.
ഇറോം ശര്‍മിളയുടെ സമരവീര്യത്തിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുവാനും രാജ്യത്തിന്റെ നീതി സങ്കല്‍പങ്ങള്‍ക്ക് ആ ധീരവനിത നല്‍കിയ ഉയര്‍ന്ന പരിവേഷത്തെ മാനിക്കുവാനും ഇന്ത്യയുടെ ജനാധിപത്യബോധത്തിനു കഴിയണം; ഇറോം ശര്‍മിള അത് അര്‍ഹിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല