1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2011

ഇംഗ്ലണ്ടിനെതിരെ മറ്റൊരു ക്രിക്കറ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ടീം ഇന്ത്യയുടെ പിന്നില്‍ നാണക്കേടിന്റെ കൂമ്പാരമുണ്ട്. ഒരുമാസം മുമ്പ് ഇംഗ്ലണ്ടില്‍ പരമ്പരയിലെ എല്ലാ മത്സരങ്ങളും തോറ്റ് നാട്ടിലേക്ക് മടങ്ങേണ്ടിവന്നതിന്റെ അപമാനഭാരമാണ് ടീമിനുമുന്നിലുള്ളത്. ലോകത്തെ ഒന്നാം നമ്പര്‍ ടെസ്റ്റ് രാജ്യമായി, ലോകകപ്പ് ജേതാക്കളായി ഇംഗ്ലണ്ടിലേക്ക് പോയവര്‍ സമ്പൂര്‍ണ തോല്‍വിയുടെ മാറാപ്പുംപേറി മടങ്ങിയെത്തി. അഞ്ച് ഏകദിനങ്ങളുടെ മറ്റൊരു പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കം കുറിക്കുമ്പോള്‍ വിജയങ്ങളിലൂടെ ഈ മാറാപ്പ് ഇറക്കിവെക്കുകതന്നെയാണ് മഹേന്ദ്ര സിങ് ധോനിയുടെയും സംഘത്തിന്റെയും ആദ്യലക്ഷ്യം.

പരിക്കാണ് സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന് തിരിച്ചടിയായത്. ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരയിലും ടീം അതില്‍നിന്ന് മുക്തമല്ല. മുന്‍നിര താരങ്ങളില്‍ ധോനിയും ഗൗതം ഗംഭീറും മാത്രമേ ടീമിലുള്ളൂ. സച്ചിന്‍, സെവാഗ്, യുവരാജ് എന്നീ ബാറ്റ്‌സ്മാന്മാരുടെയും സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍, ഇഷാന്ത് ശര്‍മ തുടങ്ങിയ ബൗളര്‍മാരുടെയും അസാന്നിധ്യം ഇന്ത്യയ്ക്ക് മറികടക്കേണ്ടതുണ്ട്. ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ യുവരക്തമാണ് നിറഞ്ഞിരിക്കുന്നത്. വിരാട് കോലി, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നിവരെക്കൂടി മാറ്റിനിര്‍ത്തിയാല്‍, മറ്റെല്ലാവരും പുതുനിരക്കാര്‍തന്നെ.

ഇന്ത്യന്‍ പിച്ചുകളില്‍ ഇന്ത്യന്‍ താരങ്ങളുടെ മേല്‍ക്കോയ്മയാണ് ടീമിന്റെ ആത്മവിശ്വാസം. സുരേഷ് റെയ്‌ന കഴിഞ്ഞ ദിവസം അത് വ്യക്തമാക്കിക്കഴിഞ്ഞു. ബാറ്റ്‌സ്മാന്മാരെ സഹായിക്കുന്ന പിച്ചാണ് ആദ്യമത്സരത്തിന് തയ്യാറാക്കിയിരിക്കുന്നതെന്ന് ക്യൂറേറ്റര്‍ പറയുമ്പോള്‍ കോലിയിലും റെയ്‌നയിലുമൊക്കെയാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. അടുത്തിടെ സമാപിച്ച ചാമ്പ്യന്‍സ് ലീഗില്‍ ഇന്ത്യന്‍ താരങ്ങളില്‍ ഫോം പ്രദര്‍ശിപ്പിച്ചത് കോലി മാത്രമാണെന്ന് ആലോചിക്കുമ്പോള്‍, ഈ പരമ്പരയെക്കുറിച്ചും ചില ആശങ്കകള്‍ ഇല്ലാതില്ല.

കരുത്തുറ്റ ബാറ്റിങ് നിരയാണ് ഇംഗ്ലണ്ടിന്റേത്. ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്ക്, ജോനാഥന്‍ ട്രോട്ട്, കെവിന്‍ പീറ്റേഴ്‌സണ്‍, ഇയാന്‍ ബെല്‍, രവി ബൊപ്പാര, ക്രെയ്ഗ് കീസ്‌വെറ്റര്‍ എന്നിങ്ങനെ സമീപകാലത്ത് മികച്ച ഫോമിലാണ് അവരുടെ താരങ്ങള്‍. ജോണി ബെയര്‍സ്‌റ്റോവിനെപ്പോലുള്ള പുതുമുഖങ്ങളും തകര്‍പ്പന്‍ ഫോമില്‍. ഇംഗ്ലണ്ടില്‍ ഇന്ത്യയെ കശാപ്പുചെയ്യുന്നതില്‍ മുന്നിട്ടുനിന്ന ടിം ബ്രെസ്‌നനുകൂട്ടായി ക്രിസ് വോക്‌സും ഗ്രേയം സ്വാനും ബൗളിങ് നിരയിലുമുണ്ട്. ജയിംസ് ആന്‍ഡേഴ്‌സണിന്റെയും സ്റ്റ്യുവര്‍ട്ട് ബ്രോഡിന്റെയും അഭാവമാണ് ബൗളിങ് നിരയില്‍ ഇംഗ്ലണ്ടിന്റെ ക്ഷീണം.

എങ്കിലും, ഇംഗ്ലണ്ടിനുമേല്‍ നാട്ടില്‍ വ്യക്തമായ മുന്‍തൂക്കം ഇന്ത്യയ്ക്കുണ്ടെന്നത് ആശ്വാസം പകരുന്നു. 2006 മാര്‍ച്ചിനുശേഷം നടന്ന 13 മത്സരങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് ഇംഗ്ലണ്ടിന് ഇന്ത്യയെ തോല്‍പിക്കാനായിട്ടുള്ളത്. 2008-ല്‍ ഇംഗ്ലണ്ട് ഇന്ത്യയിലെത്തിയപ്പോള്‍, അഞ്ച് ഏകദിന മത്സരങ്ങളിലും എതിരാളികളെ തോല്‍പ്പിച്ച് ഇന്ത്യ അധീശത്വം കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍, ഇംഗ്ലണ്ട് പഴയ ഇംഗ്ലണ്ടല്ലെന്നത് പരമ്പരയ്ക്ക് ആവേശമേറ്റുകയും ചെയ്യുന്നു.

ഏകദിന ക്രിക്കറ്റില്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയശേഷം ഇന്ത്യ കളിക്കുന്ന ആദ്യമത്സരംകൂടിയാണിത്. രണ്ട് എന്‍ഡുകളില്‍നിന്നും ന്യൂബോള്‍ ഉപയോഗിക്കുന്നതാണ് നിയമമാറ്റത്തിലെ പ്രധാന സവിശേഷത. മറ്റൊന്ന് പവര്‍പ്ലേ ഉപയോഗിക്കുന്നതിലുണ്ടായ പരിഷ്‌കാരമാണ്. ബാറ്റിങ്, ബൗളിങ് പവര്‍പ്ലേകള്‍ 16 മുതല്‍ 40 വരെയുള്ള ഓവറുകള്‍ക്കിടെ എടുത്തിരിക്കണമെന്നാണ് പുതിയ നിര്‍ദേശം. റണ്ണറെ അനുവദിക്കില്ല എന്നതും നിയമമാറ്റത്തില്‍പ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.