ഏതൊരു കണ്ടുപിടിത്തവും തുടക്കത്തില്‍ മണ്ടത്തരമായിട്ടേ തോന്നിയിട്ടുള്ളൂ, അത്തരം മണ്ടത്തരങ്ങളില്‍ ചിലതാണ് ഹരിശങ്കര്‍, സന്തോഷ് പണ്ഡിറ്റ് എന്നിവരുടെ സൃഷ്ടികളും. നാമമാത്രമായ കേന്ദ്രങ്ങളിലേ റിലീസ് ചെയ്തുള്ളുവെങ്കിലും സന്തോഷവാനായ നമ്മുടെ പണ്ഡിതന്റെ ‘കൃഷണനും രാധയ്ക്കും’ അഭൂതപൂര്‍വ്വമായ ജനത്തിരക്കായിരുന്നു, എറണാകുളത്ത് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസിനെ വിളിക്കേണ്ടി വന്നത് സമീപകാല മലയാള സിനിമയുടെ ചരിത്രത്തിലുണ്ടാകാത്ത സംഭവമായി. അതിബുദ്ധിമാന്മാരെന്നു നടിക്കുന്ന സിനിമാ തമ്പുരാക്കന്മാര്ക്കു മാത്രമല്ല, ചില മരമണ്ടന്‍മാര്‍ക്കും ഇതൊക്കെ പറ്റും എന്നു തെളിഞ്ഞത് മലയാളസിനിമയുടെ മുഖത്തേറ്റ പ്രഹരമായി മാറിയിരിക്കുകയാണ്.
എന്നാല്‍ സന്തോഷിന്റെ കണ്ടെത്തലും പരീക്ഷണങ്ങള്‍ സന്തോഷിന്റെതല്ലായിരുന്നെന്നു മനസിലാക്കാനുള്ള ശേഷി നമ്മള് ബുജികളെന്നു വിശ്വസിക്കുന്ന സിനിമാ പ്രേമികള്‍ക്ക് ഇല്ലാതെ പോയി എന്നതാണ് വാസ്തവം, അടുത്തിടെ ഇറങ്ങിയ കുടുംബത്തോടെ വന്ന തേജാ ഭായിയും മറ്റും കൃഷ്ണനും രാധയുടെയും മുന്‍ഗാമികളായിരുന്നു. ഇതിനൊപ്പം തന്നെ തമിഴ് സിനിമയില്‍ വാഴുന്ന ദനുഷിനെ പോലുള്ള ചോക്കലേറ്റ് നായകന്മാരല്ലാത്തവര്ക്ക് മലയാള സിനിമയില്‍ നായകരാകാം എന്നുകൂടി രഹസ്യമായി പരസ്യമാക്കുന്നുണ്ട് മലയാള സിനിമയിലെ സന്തോഷിന്റെ അരങ്ങേറ്റം.
നെറ്റിലെ സ്ഥിരതാമസക്കാര്‍ പൊതുവേ സദാചാരപ്രിയരും ബുദ്ധിജീവി പരിവേഷം ആഗ്രഹിക്കുന്നവരും കാരുണ്യമതി, ഉദാരമതി ഇമേജുകള്‍ കാത്തുസൂക്ഷിക്കുന്നവരുമാണ്. ഷക്കീലപ്പടം ഡൗണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ പാശ്ചാത്യവാണിജ്യസിനിമകളിലെ സ്ത്രീബിംബങ്ങളുടെ ദുര്‍വിനോയഗത്തെപ്പറ്റി പ്രസംഗിക്കാനും അവര്‍ക്കു സാധിക്കും. അതേസമയം, തിന്മ കണ്ടാല്‍, തിന്മയുടെ ലാഞ്ഛന കണ്ടാല്‍,അവര്‍ കൂട്ടമായി ആക്രമിക്കും, വേറിട്ട സ്വരങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തും, എന്നിട്ട് ഇവിടമാണ് ലോകത്തിലെ ജനാധിപത്യസ്വര്ഗം എന്നു പ്രഖ്യാപിക്കും. നിലവാരമില്ലായ്മ കൊണ്ടാണ് കൃഷ്ണനും രാധയും ശ്രദ്ധേയമാകുന്നതെങ്കിലും അതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത അവസ്ഥയിലാണിന്ന് മലയാളസിനിമയും. ബുദ്ധിമാന്മാരായ താരങ്ങള്‍ വെള്ളിത്തിരയില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ തന്നെയാണ് മണ്ടനെന്നു നടിച്ചുകൊണ്ട് സന്തോഷ് പ്രദര്‍ശിപ്പിക്കുന്നത്.
മലയാളിക്ക് ക്യാമറ ഒരു ദൌര്‍ബല്യമാണ്. രാഷ്ട്രീയ വേദികളില്‍ മാത്രമല്ല, അപകടം ദൃശ്യവല്‍ക്കരിക്കുന്നിടത്തുപോലും മലയാളി എത്തിനോക്കിച്ചിരിക്കുന്നുണ്ട്. തന്റെ ദൃശ്യം സുഹൃത്തുക്കളെ, ബന്ധുക്കളെ മൊബൈലില്‍ വിളിച്ചറിയിക്കുന്ന ലൈവ് സീനുകള്‍ നാം സ്ഥിരം കാണുന്നു. സന്തോഷ് പണ്ഡിറ്റ് എന്ന യുവാവും വ്യത്യസ്തനല്ല. ക്യാമറ, സിനിമ എന്നിവയോട് ഏതൊരു സാധാരണ ചെറുപ്പക്കാരനെപ്പോലെ അയാള്‍ക്കും ആസക്തിയുണ്ട്. തന്റെ മോഹം സാധിക്കാന്‍ അയാള്‍ക്ക് രണ്ട് വഴികളൂണ്ട്. ഒന്ന് ചാന്‍സ് ചോദിച്ച് സംവിധായകരുടെ, നിര്‍മ്മാതാക്കളുടെ പിന്നാലെ പോകുക. അല്ലെങ്കില്‍ സ്വയം സിനിമ നിര്‍മ്മിക്കുക.
ഇവിടെ സന്തോഷ് തെരെഞ്ഞെടുത്തത് രണ്ടാമത്തെ മാര്‍ഗ്ഗമാണ്. അയാള്‍ സ്വയം സിനിമ നിര്‍മ്മിക്കുന്നു. സംവിധാനം ചെയ്യുന്നു, അഭിനയിക്കുന്നു, പാടുന്നു. ഇതില്‍ നമ്മുടെ ചെറുപ്പക്കാര്‍ മാതൃകയാക്കേണ്ട പലതുമുണ്ട്. സ്വന്തം കഴിവില്‍ വിശ്വാസമില്ലാതെ നടക്കുന്ന എല്ലാവരും മാത്രുകയാക്കേണ്ടതാണ് കഴിവില്ലെങ്കിലും താന്‍ ചെയ്യുന്നത് സംവിധാനമാണ് എന്നും, അത് മറ്റാരെയും ബോധ്യപ്പെടുത്തേണ്ട കാര്യം അയാള്‍ക്കില്ല. താന്‍ എഴുതുന്നതാണ് തിരക്കഥ എന്നും താന്‍ ചെയ്യുന്നതാണ് അഭിനയം എന്നും സ്വയം വിശ്വസിച്ചു നമ്മുടെ ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലാതെ സ്വയം പുകഴ്ത്തി നടക്കുന്ന പണ്ഡിതന്.
എന്നിരിക്കിലും നിര്‍മ്മാണം , അത് വ്യത്യസ്തമാണ്. അത് പണത്തിന്റെ കാര്യമാണ്. തന്റെ കയ്യിലിരിക്കുന്നതാണ് ഇന്ത്യന്‍ രൂപ എന്ന് സന്തോഷ് വിശ്വസിച്ചാല്‍ പോര, സമൂഹം അത് അംഗീകരിക്കണം. അത് അവരിലൂടെ വിനിമയം ചെയ്യപ്പെടണം. മറ്റെന്തും പോലെ സ്വന്തം ബുദ്ധി ഉപയോഗിച്ചോ, ഭാവനയില്‍ നിന്നോ ഉണ്ടാക്കാവുന്ന ഒന്നല്ല പണം. അത് ഒരു യാഥാര്‍ത്ഥ്യമാണ്. ഈ യാഥാര്‍ത്ഥ്യം അയാളുടെ കയ്യില്‍ വസ്തുതയായി തന്നെ അവശേഷിക്കുന്നു. എങ്ങിനെ?.
അഭിമുഖങ്ങളിലൊന്നും തന്റെ പണത്തിന്റെ ഉറവിടം സന്തോഷ് സൂചിപ്പിക്കുന്നില്ല. എത്ര മോശപ്പെട്ട സിനിമയോ, ഒരു ടെലിഫിലിം പോലുമാകട്ടെ, എടുത്തു കുത്തുപാളയെടുത്ത ജീവിതങ്ങള്‍ നമുക്ക് ചുറ്റും നിവര്‍ന്ന് നില്കുമ്പോളാണ് എടുത്ത സിനിമയെക്കുറിച്ചോ അതിന്റെ വിതരണത്തെക്കുറിച്ചോ ഒരു ആശങ്കയുമില്ലാതെ സന്തോഷ് അടുത്ത ചിത്രത്തിലേക്ക് കടക്കുന്നത്. അയാളുടെ വാക്കുകളില്‍ നിന്ന് തന്നെ വെറും സാധാരണ കുടുംബത്തിലെ അംഗമാണ് സന്തോഷ് എന്ന് മനസ്സിലാക്കാം. അതായത് താന്‍ ജോലിചെയ്ത് ഭക്ഷണം സ്വയം കണ്ടെത്തേണ്ട അവസ്ഥയിലുള്ള ഒരു സാധാരണ ചെറുപ്പക്കാരന്. അയാളെങ്ങിനെ ഇത്ര ലാഘവത്തില്‍ പണം പാഴാക്കുന്നു?.
തന്നെത്തേടി ഹിന്ദിയില്‍ നിന്ന്, തെലുങ്കില്‍ നിന്ന് , തമിഴില്‍ നിന്ന് ഒക്കെ നിര്‍മാതാക്കള്‍ വന്നുകൊണ്ടിരിക്കുന്നു എന്ന ഇയാളുടെ അവകാശം പൊളിയാണ് എന്ന് തള്ളിക്കളയാമോ…
കൃഷ്ണനും രാധയും കണ്ടിടത്തോളം, അതിലെ നടീനടന്മാരുടെ ശരീര ഭാഷ കണ്ടിടത്തോളം , അത് സിനിമക്കുവേണ്ടി പിടിച്ച ഒന്നല്ല എന്ന് തോന്നുന്നു. അഭിനയിക്കാനുള്ള ആര്‍ത്തിപിടിച്ച മുഖങ്ങളല്ല അവ. കബളിപ്പിക്കപ്പെട്ട ജീവിതങ്ങളുമല്ല. ആരുടേയോ വ്യക്തമായ തിരക്കഥയിലെ ഒരു കഥാപാത്രമല്ലേ സന്തോഷ്. അല്പബുദ്ധിയായ ഒരു ചെറുപ്പക്കാരന്റെ കോമാളിത്തത്തിലേക്ക് നമ്മുടെയെല്ലാം ശ്രദ്ധ മന:പൂര്‍വം തിരിച്ചു വച്ചതല്ലേ..അവിടെ വേറെ കഥാപാത്രങ്ങള്‍ കഥയറിഞ്ഞ് കളിക്കുന്നില്ലേ….കൂടുതല്‍ നടിമാരുമായി “കാളിദാസന് കഥയെഴുതുന്നു” വരുന്നു. “ജിത്തു ഭായി“ ഹിന്ദി നടിമാരുമായി വരുന്നു.
യൂ ട്യൂബില്‍ നിന്ന് കൃഷ്ണനും രാധയും എന്ന ചിത്രത്തിലെ ഒരു ഗാനം ഡൗണ്‍ ലോഡ് ചെയ്യപ്പെടുമ്പോള്‍ സന്തോഷിന്റെ കീശയില്‍ വീഴുന്നത് (സന്തോഷും ചില മാധ്യമങ്ങളും പറയുന്നത് ശരിയാണെങ്കില്‍ ) നാലുരൂപയാണ്. ഇത്തരത്തിലുള്ള എട്ടു പാട്ടുകളും നിരവധി ഒഫീഷ്യല്‍ ട്രെയിലറുകളും യുട്യൂബില്‍ നിരത്തിവെച്ച് അതില്‍ നിന്നും കോടികള്‍ സമ്പാദിക്കുന്ന സന്തോഷ്പണ്ഡിറ്റ് മണ്ടനാണെങ്കില്‍ പിന്നെ ആരാണു ബുദ്ധിമാന്മാര്…? കൃഷ്ണനും രാധയും എന്ന ചിത്രത്തെ വെല്ലുന്ന തരത്തിലുള്ള മണ്ടത്തരങ്ങള്‍ നിരത്തി പടം പിടിക്കുന്ന മലയാള സിനിമാപ്രവര്‍ത്തകരോ? ഇതാണ് മുതലെടുക്കേണ്ടതായിട്ടുള്ളത്. ബുദ്ധിജീവിസമൂഹത്തെ വെല്ലുവിളിക്കുന്ന ഒരു സൃഷ്ടി,ഒരേയൊരു സൃഷ്ടി അവരുടെ ശ്രദ്ധയിലേക്കു തള്ളിവിടുകയാണ് വേണ്ടത്. പൊതുവില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന സൗന്ദര്യസങ്കല്പത്തിനും,ആസ്വാദകനിലവാരത്തിനും അനുസരിച്ച് ഒരു സൃഷ്ടി അവതരിപ്പിച്ചാല്‍ ഈ ബുദ്ധിജീവി-ആസ്വാദക സമൂഹം അവഗണിക്കുകയും തങ്ങളുടെ ശ്രദ്ധ പതിയക്കത്ത വിധത്തില്‍ ഒരു നിലവാരം അതിനില്ല എന്നു ഭാവിക്കുകയും ചെയ്യും.
എന്നാല്‍ ഈ പറഞ്ഞ നിലവാരങ്ങള്‍ക്കു വിരുദ്ധമായി സമൂഹം, തറ എന്നു വിശേഷിപ്പിക്കുന്നതിനു താഴെ നിന്ന് ഒരു സൃഷ്ടി നടത്തിയാല്‍ ഈ സമൂഹം ശ്രദ്ധിക്കും. ഷെയര്‍ ചെയ്യും, ക്രൂരമായി വിമര്‍ശിക്കും,നിരൂപിച്ച് നിരൂപിച്ച് ഒരു വഴിക്കാക്കും, ഇത്തരത്തില്‍ നിലവാരമില്ലാത്ത ഒരു സൃഷ്ടി നടത്തിയതിന് സൃഷ്ടാവിനെ പേരെടുത്ത് ആക്ഷേപിക്കും, ചീത്തവിളിക്കും, അങ്ങനെ പലതും ചെയ്യും. വിവേക ബുദ്ധിയോടെ ചിന്തിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാവും സന്തോഷ്പണ്ഡിറ്റ് ഒരു മണ്ടനല്ല, അതിബുദ്ധിമാനാണെന്ന്. അദ്ദേഹം വിചാരിച്ചതിലും ഭംഗിയായി തന്റെ ഗെയിംപ്ലാന്‍ നടപ്പിലാക്കി. കൃഷ്ണനെയും രാധയേയും പരിഹസിക്കുകയും കല്ലെറിയുകയും ക്രൂശിക്കുകയും ചെയ്തവരാണിവിടെ വിഢികളായത്. കുപ്രസിദ്ധി പണമാക്കിയ മാറ്റിയ സന്തോഷ്പണ്ഡിറ്റ് നാളെ ആ പണം ഉപയോഗിച്ച് മലയാളിയെ ഞെട്ടിക്കുന്ന ഒരു സിനിമയുണ്ടാക്കിയാലും അതിശയിക്കാനില്ല. കാരണം വിദേശരാജ്യങ്ങളില്‍ പണമുണ്ടാക്കാനായി ഫലപ്രദമായി പലരും ഉപയോഗിച്ചുപോന്ന യു ട്യൂബിലൂടെ സമ്പന്നനായ ആദ്യ മലയാളിയായി പണ്ഡിറ്റ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല