മാംസാഹാരം കഴിക്കുന്നവരുടെ ഇഷ്ടവിഭവമായിരിക്കും റെഡ് മീറ്റ് അഥവാ മാട്ടിറച്ചി. എന്നാല്‍ റെഡ് മീറ്റ് ആരോഗ്യത്തിനു ദൂഷ്യഫലങ്ങളുണ്ടാക്കുമെന്നാണ് പൊതുവായ ധാരണ. എന്നാല്‍ റെഡ് മീറ്റ് പ്രത്യക്ഷത്തില്‍ ആരോഗ്യത്തിനു ഹാനികരമാണെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ടെങ്കിലും ശരിയായ രീതിയില്‍ ഇതു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ആരോഗ്യകരമാണെന്നും പറയപ്പെടുന്നു. അതേസമയം, റെഡ് മീറ്റിനെ ചുറ്റിപ്പറ്റി ഒട്ടേറെ വിശ്വാസങ്ങളും അബദ്ധധാരണകളുമുണ്ട്. ഹൃദ്രോഗം, അര്‍ബുദം, കൊളസ്‌ട്രോള്‍, പൊണ്ണത്തടി എന്നിവയ്ക്കു റെഡ്മീറ്റ് കാരണക്കാരനാകുന്നുണ്ടെന്നാണ് പൊതുവായ ധാരണ. ഇതില്‍ എത്രത്തോളം കാര്യമുണ്ടെന്ന് പരിശോധിക്കുകയാണിവിടെ.
‘റെഡ് മീറ്റ് പൊണ്ണത്തടിയ്ക്കു കാരണമാകുന്നു’
ഇതുമായി ബന്ധപ്പെട്ട് രണ്ടു പ്രധാന ധാരണകളും വശങ്ങളുമാണുള്ളത്. അതിലൊന്ന് മറ്റേതു ഭക്ഷണങ്ങളേയും പോലെ തന്നെ റെഡ് മീറ്റിലും കലോറി അടങ്ങിയിട്ടുണ്ട്. പക്ഷേ കലോറിയുടെ എണ്ണം കുറച്ചുകൂടുതലാണെന്ന് മാത്രം. റെഡ് മീറ്റ് കൂടുതല്‍ കഴിച്ചാല്‍ കൂടുതല്‍ കലോറി നിങ്ങളുടെ ശരീരത്തില്‍ എത്തുന്നുമെന്ന് വ്യക്തം. വെജിറ്റേറിയന്‍, കടല്‍വിഭഗങ്ങളെക്കാള്‍ കൂടുതല്‍ കലോറി അടങ്ങിയ ഭക്ഷണമാണ് റെഡ് മീറ്റ്. എന്നാല്‍ റെഡ് മീറ്റ് കഴിക്കുന്നതുകൊണ്ടു മാത്രം പൊണ്ണത്തടിയുണ്ടാകുമെന്ന ധാരണ തെറ്റാണ്. ആവശ്യത്തില്‍ കൂടുതല്‍ റെഡ് മീറ്റ് കഴിച്ചാല്‍ കൂടുതല്‍ കലോറിയും അതിനോടൊപ്പം അനാവശ്യ കൊഴുപ്പും ശരീരത്തിനുള്ളില്‍ കടന്നുകൂടും. ഇതു മറ്റേതു ഭക്ഷണമായാലും ആവശ്യത്തില്‍ അധികം കഴിച്ചാല്‍ ശരീരത്തിനു വേണ്ടതില്‍ കൂടുതല്‍ കലോറി അകത്താകും. ഇതു പുറത്തുകളയാന്‍ അധ്വാനഭാരമുള്ള ജോലികള്‍ ചെയ്യുന്നില്ലെങ്കില്‍ അതു പൊണ്ണത്തടിയ്ക്കു കാരണമാകും. ഇതൊക്കെയാണെങ്കിലും റെഡ് മീറ്റില്‍ ശരീരഭാരം ഉടനടി ഉയര്‍ത്താനുള്ള അത്ഭുത ഘടകങ്ങളൊന്നുമില്ല.
ഈ വാദത്തിനു മറ്റൊരു വശമുണ്ട്. പലരുടേയും ധാരണ, റെഡ് മീറ്റ് കഴിക്കുന്നതു ഉറച്ച ശരീരപേശികള്‍ വളര്‍ത്താന്‍ ഇടയാക്കുമെന്നതാണ്. ഇതു ഒരു പരിധിവരെ ശരിയാണ് താനും. താരതമ്യേന പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണമാണ് റെഡ് മീറ്റ്. ഈ ഒരു കാരണം കൊണ്ടു മാത്രം ഉറച്ച ശരീരപേശികള്‍ ഉണ്ടാകുമെങ്കില്‍ ഹെല്‍ത്ത് ക്ലബ്ബുകളിലും ജിംനേഷ്യങ്ങളിലും ആളുകളുണ്ടാകുമായിരുന്നില്ല. കൃത്യമായ ഇടവേളകളില്‍ ഭക്ഷണം ക്രമപ്പെടുത്തുകയും ആവശ്യമായ സമയം വ്യായാമത്തിനു ചെലവഴിക്കുകയും ചെയ്താല്‍ മാത്രമെ റെഡ് മീറ്റ് കഴിക്കുന്നതുകൊണ്ടു ഉദ്ദേശിക്കുന്ന ഫലമുണ്ടാകുകയുള്ളു.
ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഭീഷണി
കൊഴുപ്പ് അടങ്ങിയ മാംസമാണ് റെഡ് മീറ്റ്. ഇതില്‍ ആര്‍ക്കും തര്‍ക്കമില്ല. അനുവദനീയമായ അളവിലുള്ള കൊഴുപ്പ് ശരീരത്തിനു ആവശ്യവുമാണ്. ശരിയായ രീതിയില്‍ റെഡ് മീറ്റ് പാചകം ചെയ്യുകയാണെങ്കില്‍ അളവില്‍കൂടുതലുള്ള കൊഴുപ്പ് ഒഴുവാക്കാന്‍ കഴിയും. ഇതൊക്കെയാണെങ്കിലും കൊഴുപ്പ് കുറഞ്ഞ കോഴിയിറച്ചി പോലുള്ള മാംസമാണ് കൂടുതല്‍ സ്വീകാര്യം. ഇതു കൊളസ്‌ട്രോളിന്റെ അളവില്‍ വ്യതിയാനങ്ങളുണ്ടാക്കാന്‍ സഹായിക്കും. എന്നാല്‍ കൊഴുപ്പ് ധാരാളമടങ്ങിയ റെഡ് മീറ്റ് സ്ഥിരമായി കഴിക്കുന്നതു ഉയര്‍ന്ന കൊളസ്‌ട്രോളിനു കാരണമാകും.
റെഡ് മീറ്റ് പൂര്‍ണമായും അനാരോഗ്യകരം
റെഡ് മീറ്റില്‍ യാതൊരു പോഷക ഗുണങ്ങളുമില്ല, കൊളസ്‌ട്രോളിനു കാരണക്കാരായ കൊഴുപ്പ് മാത്രമാണുള്ളത്. ഇത്തരം ധാരണകള്‍ അടിസ്ഥാനരഹിതമാണ്. വിറ്റാമിന്‍ ബി 12 ഉള്‍പ്പെടെയുള്ള നിരവധി പ്രോട്ടീന്‍ അടങ്ങിയതാണ് റെഡ് മീറ്റ്. രോഗ പ്രതിരോധ ശേഷി ഉയര്‍ത്താന്‍ ഇതിനു കഴിയും. ശരീരത്തിനു ഏറ്റവും ആവശ്യമായ ഹീമോഗ്ലോബിന്റെ അളവ് ഉയര്‍ത്താന്‍ റെഡ് മീറ്റിനു ശേഷിയുണ്ട്.
റെഡ് മീറ്റ് അര്‍ബുദത്തിനു കാരണക്കാരന്‍
റെഡ് മീറ്റ് അമിതമായി കഴിക്കുന്നതു അര്‍ബുദത്തിനു കാരണമാകുമെന്ന തരത്തിലുള്ള നിരവധി പഠന റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇതിന്റെയൊക്കെ അടിസ്ഥാനം സംബന്ധിച്ച് ഇപ്പോഴും സ്ഥിരീകരണമായിട്ടില്ല. കാന്‍സര്‍ ഉണ്ടാക്കാന്‍ കാരണമായ ഘടകങ്ങള്‍ റെഡ് മീറ്റിലുണ്ടെന്നതിനു വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പുതിയ അവലോകന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഹൃദ്രോഗവാഹകന്‍
റെഡ് മീറ്റ് ഭക്ഷണവും ഹൃദ്രോഗവും തമ്മില്‍ നേരിട്ടു ബന്ധമില്ല. എന്നാല്‍ അമിതമായി റെഡ് മീറ്റര്‍ കഴിക്കുന്നതു മോശം കോളസ്‌ട്രോളിനു കാരണമാകുകയും ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുകയും ചെയ്യും. എന്നാല്‍ കൃത്യമായ അളവില്‍ റെഡ് മീറ്റ് കഴിക്കുന്നതു കൊണ്ടു യാതൊരു പ്രശ്‌നങ്ങളുമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല