ഖെലാഫാബുക്ക് എന്നപേരില്‍ സ്വന്തം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഐഎസിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിനുമാണ് മുഖ്യധാരയില്‍നിന്ന് മാറി സമാന്തര സംവിധാനം ഒരുക്കാന്‍ ഐഎസ് തയാറെടുക്കുന്നത്. ഐഎസ് അനുഭാവികള്‍ ഈ സൈറ്റിനെ പ്രമോട്ട് ചെയ്തു തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റനോട്ടത്തില്‍ ഫെയ്‌സ്ബുക്കിനു സമാനമായ രീതിയിലാണ് ഐഎസ് വെബ്‌സൈറ്റ് ഡെവലപ്പ് ചെയ്യുന്നത്. സൈറ്റിന്റെ പണികള്‍ പൂര്‍ത്തിയായിട്ടില്ല. എങ്കിലും ലോകമെമ്പാടുമുള്ള ജിഹാദികള്‍ക്ക് ഒത്തുചേരാനുള്ള ഇടമായി ഈ സൈറ്റ് മാറുമെന്നാണ് വിലയിരുത്തല്‍.
രജിസ്‌ട്രേഷന്‍ സാദ്ധ്യമല്ലാത്തതിനാല്‍ ഓണ്‍ലൈനില്‍ നിലനില്‍ക്കാന്‍ ഇപ്പോള്‍ ഖെലാഫാബുക്കിനു സാധ്യമല്ല. ഈ പോരായ്മ കൂടി പരിഹരിച്ചാല്‍ ഫേസ്ബുക്കും ട്വിറ്ററും കരിമ്പട്ടികയില്‍പ്പെടുത്തുകയും ഇല്ലാതാക്കുകയുംചെയ്ത പതിനായിരക്കണക്കിനു അക്കൗണ്ടുകള്‍ക്ക് പകരമായി ഇത് വരുമെന്നാണ് നിഗമനം. ഇംഗ്ലീഷ്, ജര്‍മന്‍, സ്പാനിഷ്, ഇന്തോനേഷ്യന്‍, ജാവനീസ്, ടര്‍ക്കിഷ്, പോര്‍ച്ചുഗീസ് ഭാഷകളില്‍ സൈറ്റ് ലഭ്യമാകുമെന്നാണ് ഐഎസ് അവകാശപ്പെടുന്നത്. എന്നാല്‍ ഇക്കൂട്ടത്തില്‍ അറബിക് ഭാഷയെക്കുറിച്ച് പരാമര്‍ശമില്ലെന്നതും ശ്രദ്ധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല