1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2011

പ്രത്യേക ലേഖകന്‍

പണ്ടു നമ്മുടെ കൊച്ചു കേരളത്തില്‍ നിലവിലിരുന്നതും ഇപ്പോള്‍ നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ അടക്കം ഇന്ത്യയിലെ ഒട്ടു മിക്ക സ്ഥലങ്ങളിലും നിലനില്‍ക്കുന്നതുമായ പ്രാകൃതമായ ആചാരമാണ് അയിത്തം.മേല്‍ജാതിക്കാരന് കീഴ്ജാതിക്കാരനോടുള്ള തൊട്ടു കൂടായ്മ ,തീണ്ടിക്കൂടായ്മ എന്നിവയാണ് അയിത്തത്തിന്റെ ഭാഗമാക്കി കണക്കാക്കിയിരുന്നത്.

ലോകത്തെവിടെ ചെന്നാലും പുരോഗമനപരമായി ചിന്തിക്കുകയും സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കാനും അല്ലാതെയും കൂട്ടായ്മകള്‍ക്ക് രൂപം കൊടുക്കുന്നവരാണ് മലയാളികള്‍.യു കെ മലയാളികളും ഇതിനൊരു അപവാദമല്ല എന്നതിനുള്ള തെളിവാണ് ബ്രിട്ടനിലെമ്പാടുമുള്ള സംഘടനകളും സംഗമങ്ങളും.നിര്‍ഭാഗ്യകരമെന്നു പറയട്ടെ;യു കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയോടും പലര്‍ക്കും അയിത്തമാണ്.യുക്മ എന്ന പേരു കേള്‍ക്കുന്നത് തന്നെ ചിലര്‍ക്ക് ചതുര്‍ത്ഥിയാണ്.എന്തോ ഒരു തൊട്ടുകൂടായ്മ പോലെ.

കാലഘട്ടത്തിന്‍റെ ആവശ്യമാണ്‌ യുക്മ എന്ന സംഘടന.യു കെ മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്താനും അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും അവരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി പട പൊരുതാനും വിവിധ തലങ്ങളില്‍ സമ്മര്‍ദ ശക്തിയാവാനും അമേരിക്കയിലെ ഫോക്കാന പോലുള്ള ഒരു സംഘടന യു കെയില്‍ ഉണ്ടായേ തീരൂ.ഈ യാഥാര്‍ത്ഥ്യം വിവേകപൂര്‍വ്വം ചിന്തിക്കുന്ന ചില നല്ല മനസുകള്‍ തിരിച്ചറിഞ്ഞതു കൊണ്ടാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ അസോസിയേഷനുകള്‍ അംഗങ്ങള്‍ ആയുള്ള പ്രവാസി മലയാളി കൂട്ടായ്മയായി യുക്മ ഇതിനകം വളര്‍ന്നു കഴിഞ്ഞിരിക്കുന്നത്.

എന്നാല്‍ ചുരുക്കം ചില മലയാളി സംഘടനകള്‍ എങ്കിലും അറിഞ്ഞോ അറിയാതെയോ ഈ സത്യത്തിനു നേരെ മുഖം തിരിച്ചിരിക്കുന്നു. ഈ തൊട്ടു കൂടായ്മയ്ക്ക് പിറകില്‍ എന്തെന്ന് അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് പ്രധാനമായും മൂന്ന്‍ കാരണങ്ങളാണ്.

അപവാദപ്രചരണം

ഉച്ചിയില്‍ വച്ച കൈ കൊണ്ട് ഉദകക്രിയ നടത്താന്‍ ചിലര്‍ ശ്രമിച്ചതാണ് യുക്മയെക്കുറിച്ച് ചിലയാളുകളുടെയെങ്കിലും മനസ്സില്‍ തെറ്റിദ്ധാരണ ഉണ്ടാകുവാനുള്ള പ്രധാനകാരണം.രണ്ടു വര്‍ഷം മുന്‍പ് ലെസ്റ്ററില്‍ യുക്മയ്ക്ക് തുടക്കം കുറിക്കാന്‍ മുകൈയെടുത്തവരില്‍ ഒരു മാധ്യമ പ്രവര്‍ത്തകനുമുണ്ട്.യുക്മ എന്ന ആശയത്തിന് പിന്നില്‍ നിര്‍ണായക പങ്കു വഹിച്ച ഇദ്ദേഹം തന്നെ യുക്മയെ തളര്‍ത്താന്‍ ശ്രമിക്കുന്നതാണ് പിന്നീട് കണ്ടത്.തികച്ചും ജനാതിപത്യ രീതിയില്‍ നിക്ഷ്പക്ഷമായി പ്രവര്‍ത്തിച്ച യുക്മ നേതൃത്വം തന്‍റെ ഇംഗിതത്തിന്വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ യുക്മക്കെതിരെ മനപൂര്‍വം അപവാദ പ്രചാരണം നടത്തുകയായിരുന്നു.

ഇഷ്ട്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്ന നിലയിലായിരുന്നു പിന്നീടുള്ള ഈ മാധ്യമ പ്രവര്‍ത്തകന്റെ നീക്കങ്ങള്‍.ഭൂമിശാസ്ത്രപരമായ വ്യാപ്തി കൊണ്ടും തുടക്കത്തിലെ ബാലാരിഷ്ടതകള്‍ കൊണ്ടും സാമ്പത്തികമായ പ്രശ്നങ്ങള്‍ കൊണ്ടും യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നേതൃത്വം പാടുപെട്ടപ്പോള്‍ തക്കം കിട്ടിയപ്പോഴെല്ലാം യുക്മയെ കരി വാരി തേക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു.ഒരു യുക്മ ഭാരവാഹിയുമായിട്ടുള്ള വ്യക്തി വിരോധം പോലും സംഘടനയെ അപകീര്‍ത്തിപ്പെടുത്തിന്നതിനായി ഉപയോഗിക്കപ്പെട്ടപ്പോള്‍ സാധാരണക്കാരുടെയിടയില്‍ യുക്മയെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാവാന്‍ കാരണമായി .

എന്തായാലും കുപ്രചരണങ്ങളെയെല്ലാം അതിജീവിച്ച് ശക്തമായ ഒരു അടിത്തറയുണ്ടാക്കാന്‍ യുക്മ നേതൃത്വത്തിന് കഴിഞ്ഞുവെന്ന് നിസ്സംശയം പറയാം.

അവബോധമില്ലായ്മ

യുക്മ എന്താണെന്നും അതിന്‍റെ പ്രവര്‍ത്തന രീതി എങ്ങിനെയായിയിരിക്കുമെന്നുമുള്ള അജ്ഞത പല മലയാളികള്‍ക്കും പ്രാദേശിക സംഘടന നേതാക്കന്മാര്‍ക്കും ഇപ്പോഴുമുണ്ട്.ഇതു പരിഹരിക്കാനും കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുവാനും പ്രാദേശിക സംഘടനകളുടെ തലത്തിലേക്ക് ഇറങ്ങിച്ചെന്നുള്ള കുറച്ചു കൂടി തുറന്ന സമീപനം ആവശ്യമാണ്.യുക്മക്ക് സ്വന്തമായി ഭരണഘടന ഉണ്ടായതിലെ കാലതാമസം ഇതിനു കാരണമായി പറയാമെങ്കിലും തുടക്കത്തില്‍ അംഗങ്ങള്‍ ഉണ്ടാവുകയെന്നത് യുക്മയുടെ ആവശ്യമാണെന്ന് മനസിലാക്കണം.ചില നാഷണല്‍ കമ്മിറ്റി അംഗങ്ങളുടെ മാതൃ സംഘടനകള്‍ പോലും എന്തുകൊണ്ട് യുക്മയില്‍ ചേര്‍ന്നിട്ടില്ല എന്ന കാര്യം ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണ് .

നേതാക്കളോടുള്ള അസൂയ

ചുരുക്കം ചില അസോസിയേഷനുകള്‍ യുക്മയില്‍ ചേരാത്തതിന്റെ കാരണം മലയാളിക്ക് സഹജമായ അസൂയയാണ്.യുക്മയില്‍ ചേര്‍ന്നാല്‍ തങ്ങളുടെ നേതാവ് വളര്‍ന്നു പോവുമോ എന്ന അസൂയ കൊണ്ട് പ്രത്യേക കാരണങ്ങള്‍ ഒന്നുമില്ലാതെ ചിലര്‍ സംഘടനയുടെ യുക്മ പ്രവേശനത്തെ എതിര്‍ക്കുകയാണ്.എല്ലാവര്‍ക്കും നേതാക്കന്മാര്‍ ആകാന്‍ സാധിക്കില്ലെന്നും അതിനുള്ള DNA പൌണ്ട് കൊടുത്ത് വാങ്ങാന്‍ കിട്ടില്ലെന്നും അതിനെല്ലാമുപുലരി നേതാവാകാന്‍ കഠിനമായ പ്രയത്നം ആവശ്യമാണെന്നും ഇത്തരക്കാര്‍ മനസിലാക്കത്തിടത്തോളം
കാലം ഈ സംഘടനകളുടെ യുക്മ പ്രവേശനം നീളും

യുക്മ അയിത്തം കല്‍പ്പിക്കേണ്ട സംഘടനയല്ല

യുക്മ എന്ന സംഘടനയുടെ പ്രസക്തി ഒരു പക്ഷെ നമുക്ക് മനസിലാവുക വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കും.നമ്മുടെയൊക്കെ മക്കള്‍ വളര്‍ന്നു വലുതായി ഈ രാജ്യത്ത്‌ ജീവിക്കുമ്പോള്‍
അവരുടെ എല്ലാക്കാര്യങ്ങളിലും താങ്ങും തണലുമാവാന്‍ മലയാളിയുടെ ശബ്ദമാവാന്‍ യുക്മയ്ക്ക് കഴിയും.ഇപ്പോള്‍ ഒരു പക്ഷെ സംഘടനയുടെ പ്രവര്‍ത്തനത്തില്‍ പ്രകടമാവുന്ന ബാലാരിഷ്ടതകള്‍ അതേ അര്‍ത്ഥത്തില്‍ നാം ഉള്‍ക്കൊള്ളണം.ഇന്ന് യുക്മയില്‍ ചേരാന്‍ പല കാരണങ്ങള്‍ കൊണ്ടും മടിച്ചു നില്‍ക്കുന്ന പല സംഘടനകള്‍ക്കും വര്‍ഷങ്ങള്‍ക്കു ശേഷം ചേരാന്‍ വൈകിപ്പോയി എന്ന തോന്നല്‍ ഒരു പക്ഷെ ഉണ്ടായേക്കാം.അത്തരത്തിലുള്ള ഒരു പശ്ചാത്താപത്തിനുള്ള സാഹചര്യം നമ്മുടെ സന്ഘ്ടന്കള്‍ക്ക് ഉണ്ടാകാതിരിക്കട്ടെ.

നാളെ : യുക്മയില്‍ ചേരുന്നതിന്റെ നേട്ടങ്ങളും കോട്ടങ്ങളും

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.