ഇറാക്കിലെ കുര്‍ദ് പോരാളികള്‍ക്കു നേരെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആന്റ് ലെവന്റ് വിഷവാതകമായ ക്ലോറിന്‍ ഗ്യാസ് പ്രയോഗിച്ചതായി കുര്‍ദ് അധികൃതര്‍ വെളിപ്പെടുത്തി. ജനുവരിയില്‍ നടന്ന ഒരു ചാവേര്‍ ആക്രമണത്തിനു ശേഷം സംഭവ സ്ഥലത്തെ മണ്ണിന്റേയും തുണിക്കഷ്ണങ്ങളുടേയും രാസ പരിശോധനയില്‍ നിന്നാണ് ക്ലോറിന്‍ന്റെ സാന്നിധ്യത്തിന് തെളിവു ലഭിച്ചതെന്ന് കുര്‍ദിസ്ഥാന്‍ റീജിയണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വെളിപ്പെടുത്തി.
പൊരിഞ്ഞ പോരാട്ടം നടക്കുന്ന ഇറാക്കിലെ മൊസൂളിനും സിറിയക്കും ഇടക്കുള്ള ഹൈവേയിലാണ് 20 വാതക കാനുകളുമായി ഒരു ലോറി പൊട്ടിത്തെറിച്ചത്. എന്നാല്‍ കുര്‍ദിഷ് സേന മിസൈല്‍ ഉപയോഗിച്ച് ലോറി തകര്‍ക്കുകയായിരുന്നു എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ ലോറി ഡ്രൈവര്‍ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനത്തിനു ശേഷം സ്ഥലത്തെത്തിയ ഒരു സംഘം ചര്‍ദ്ദിയും തലകറക്കവും ക്ഷീണവും അനുഭവപ്പെട്ടതാണ് പ്പൊട്ടിത്തെറിച്ച ലോറിയില്‍ ഉണ്ടായിരുന്നത് ക്ലോറിന്‍ വാതക കാനുകളാണെന്ന് സംശയിക്കാന്‍ കാരണം.
ഇറാക്കിലെ മറ്റൊരു നഗരമായ തിക്രിതിലും വ്യാപകമായി ക്ലോറിന്‍ വാതക പ്രയോഗം നടക്കുന്നതായി സൂചനയുണ്ട്. യുദ്ധത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ സ്ഥിരമായി കാണുന്ന ഓറഞ്ച് പുക ഇതിന്റെ ലക്ഷണമാണെന്ന് വിദഗ്ദര്‍ പറയുന്നു. അന്താരാഷ്ട്ര തലത്തില്‍ നിരോധിക്കപ്പെട്ട രാസായുധമാണ് ക്ലോറിന്‍ വാതകം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല