സ്വന്തം ലേഖകന്‍: പാക് ബലൂചിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചാവേര്‍ ആക്രമണം, 61 പേര്‍ കൊല്ലപ്പെട്ടു, നൂറിലേറെ പേര്‍ക്ക് ഗുരുതര പരുക്ക്. ബലൂചിസ്ഥാനിലെ ക്വെറ്റയില്‍ പോലീസ് ട്രെയിനിംഗ് കോളജിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആക്രമണം നടത്തിയത്. മരിച്ചവരില്‍ 60 പേര്‍ പോലീസ് ട്രെയിനികളും ഒരാള്‍ സൈനികനുമാണ്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് 700 ട്രെയിനി പോലീസ് കേഡറ്റുകളും പരിശീലകരും താമസിച്ചിരുന്ന പോലീസ് ട്രെയിനിംഗ് കോളജില്‍ ഭീകരാക്രമണമുണ്ടായത്.
മുഖംമൂടിധാരികളായ ചാവേര്‍ ഭീകരരാണു കോളജ് വളപ്പില്‍ നുഴഞ്ഞുകയറി ആക്രമണം അഴിച്ചുവിട്ടത്. ഭീകരരുടെ വെടിയേല്‍ക്കാതിരിക്കാന്‍ ജീവരക്ഷാര്‍ഥം പലരും കെട്ടിടത്തിന്റെ മുകളില്‍നിന്നു താഴേക്കു ചാടിയാണു രക്ഷപ്പെട്ടത്. 15നും 25നും മധ്യേ പ്രായമുള്ളവരാണു ക്യാമ്പിലുണ്ടായിരുന്ന ട്രെയിനി കേഡറ്റുകള്‍.
സൈനികവേഷം ധരിച്ച ഭീകരര്‍ കലാഷ്‌നികോവ് തോക്കുകളേന്തി മുഖംമറച്ചാണ് എത്തിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാച്ച് ടവറിലെ കാവല്‍ക്കാരനെ ആദ്യം കൊലപ്പെടുത്തിയ ഭീകരര്‍ അക്കാഡമി ഗ്രൗണ്ടിലൂടെ ഡോര്‍മിറ്ററിക്കും ബാരക്കിനും സമീപത്തെത്തി വെടിയുതിര്‍ക്കുകയായിരുന്നു എന്ന് രക്ഷപ്പെട്ട പോലീസ് ട്രെയിനി വാര്‍ത്താ ഏജന്‍സിയോടു വെളിപ്പെടുത്തി.
രണ്ടു ഭീകരര്‍ സ്വയം പൊട്ടിത്തെറിച്ചെന്നും ഇതിലാണു കൂടുതല്‍ പേര്‍ മരിച്ചതെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മൂന്നാമത്തെ ഭീകരനെ ഫ്രോണ്ടിയര്‍ കോര്‍ ട്രൂപ്പ് വെടിവച്ചു കൊലപ്പെടുത്തി. ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് ഒരു സൈനികന്‍ കൊല്ലപ്പെട്ടത്.പരിക്കേറ്റ 125 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 20 പേരുടെ നില ഗുരുതരമാണ്.
പാക് താലിബാന്റെ പിന്തുണയുള്ള ലഷ്‌കര്‍ ഇ–ജാന്‍ഗവിയുടെ അല്‍–അലിമി ഭീകരസംഘടനയാണ് ആക്രമണം നടത്തിയതെന്നു ഫ്രോണ്ടിയര്‍ കോര്‍ ഐജി മേജര്‍ ജനറല്‍ ഷേര്‍ അഫ്ഗാന്‍ ആരോപിച്ചു. പഞ്ചാബ് പ്രവിശ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജാന്‍ഗവി ബലൂചിസ്ഥാനിലെ ഷിയാ മുസ്ലിംകള്‍ക്കു നേരേയാണു പ്രധാനമായും ആക്രമണം നടത്തുന്നത്. എന്നാല്‍, പോലീസ് സെന്റര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല