സ്വന്തം ലേഖകൻ: കൊല്ലപ്പെട്ട ഇസ്‌ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ സഹോദരി തുര്‍ക്കിയുടെ പിടിയില്‍. 65 വയസ്സുകാരിയായ റസ്മിയ അവാദ് ആണ് ആലെപ്പോയിലെ അസാസിലുള്ള ഒരു നഗരത്തില്‍ നിന്നും തിങ്കളാഴ്ച നടത്തിയ റെയ്ഡില്‍ പിടിയിലായത്.
തുര്‍ക്കിയുടെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ ‘സ്വര്‍ണ്ണഖനി’യെന്നാണ് അറസ്റ്റിനെ വിശേഷിപ്പിച്ചത്. ഇസ്‌ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ കുര്‍ദിഷ് സേന തുര്‍ക്കിയുമായി സഖ്യം ചേര്‍ന്നിരുന്നു. സഖ്യത്തിന്റെ ഭാഗമായി തുര്‍ക്കിയുടെ നിയന്ത്രണത്തിലുള്ള മേഖലയാണ് ആലെപ്പോ.
അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ സഹോദരിയുടെ അറസ്റ്റ് ഐ.എസിനെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കാരണമാവുമെന്ന് തുര്‍ക്കി അധികൃതര്‍ റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. തീവ്രവാദ വിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് വിജയകരമായ മറ്റൊരു ഉദാഹരണമെന്നാണ് അറസ്റ്റിനെക്കുറിച്ച് തുര്‍ക്കി പ്രസിഡണ്ട് റെജബ് ത്വയ്യീബ് എര്‍ദോഗാന്റെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ പറഞ്ഞത്.
ബാഗ്ദാദിക്ക് നിരവധി സഹോദരന്‍മാരും സഹോദരിമാരും ഉണ്ടെന്നും എന്നാല്‍ അവരില്‍ ആരൊക്കെ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടെന്നതില്‍ വ്യക്തതയില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റസ്മിയക്കും ഭര്‍ത്താവിനുമൊപ്പം മരുമകളെയും അഞ്ച് മക്കളെയും തുര്‍ക്കി സേന പിടികൂടിയിട്ടുണ്ട്. റസ്മിയയും ഐ.എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നെന്നാണ് അറിയാന്‍ കഴിയുന്നത്. പൊലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്.
അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ഏറ്റുമുട്ടലിലൂടെ ഒക്ടോബര്‍ 27നാണ് അമേരിക്കന്‍ സൈന്യം വധിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ബാഗ്ദാദി ഒളിവില്‍ കഴിയുകയായിരുന്നു. 2010-ലാണ് ബാഗ്ദാദി ഐ.എസിന്റെ നേതാവാകുന്നത്. അന്ന് ഇറാഖിലെയും സിറിയയിലെയും ഖലീഫയായി ബാഗ്ദാദി സ്വയം അവരോധിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല