സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് കഴിഞ്ഞ വര്‍ഷം വ്യോമാക്രമണത്തില്‍ ഗുരുതര പരുക്കേറ്റിരുന്നതായി റിപ്പോര്‍ട്ട്.ഒളിവിലിരുന്നു ഇസ്!ലാമിക് സ്റ്റേറ്റിനെ നിയന്ത്രിച്ചിരുന്ന തലവന്‍ അബുബക്കര്‍ അല്‍ ബഗ്ദാദിക്കു കഴിഞ്ഞ വര്‍ഷം മേയില്‍ സിറിയയിലെ റാഖ്ഖയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ പരുക്കേറ്റതായും തുടര്‍ന്ന് അഞ്ച് മാസത്തോളം സംഘടനയുടെ നേതൃത്വത്തില്‍ നിന്ന് വിട്ടുനിന്നതായും യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ചു രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
മിസൈലുകള്‍ റാഖ്ഖയില്‍ പതിച്ചപ്പോള്‍ ബഗ്ദാദി അവിടെ ഉണ്ടായിരുന്നുവെന്നതിന്റെ വിശ്വസനീയമായ വിവരം അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിട്ടുണ്ട്. ഐഎസ് ഭീകരര്‍ തടവിലാക്കിയിരുന്നവരില്‍നിന്നും വടക്കന്‍ സിറിയയിലെ അഭയാര്‍ഥികളില്‍നിന്നുമാണ് ഈ വിവരം ലഭിച്ചത്. പരുക്കുകള്‍ കാരണം സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ബഗ്ദാദിക്കു കഴിഞ്ഞിരുന്നില്ലെന്നും ആ സമയമാണ് ഇറാഖ് നഗരമായ മൊസൂളിനെ സൈന്യം ഐഎസില്‍നിന്നു യുഎസ് സൈന്യത്തിന്റെ പിന്തുണയോടെ മോചിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ബഗ്ദാദിയെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിലാണോ അതോ ഐഎസിനുനേര്‍ക്കുണ്ടായ ആക്രമണത്തിലാണോ പരുക്കേറ്റതെന്നു വ്യക്തമല്ല. മാത്രമല്ല, ആരു നടത്തിയ വ്യോമാക്രമണത്തിലാണ് പരുക്കു പറ്റിയെന്നതിലും വ്യക്തതയില്ല. ഏതു ദിവസം ഉണ്ടായ വ്യോമാക്രമണത്തിലാണു പരുക്കു പറ്റിയതെന്നു തിരിച്ചറിയാനാകാത്തതിനാല്‍ റഷ്യന്‍ മിസൈലാണോ യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ ആക്രമണത്തിലാണോ പരുക്കേറ്റതെന്നും അറിയാനായിട്ടില്ല. തങ്ങളുടെ വ്യോമാക്രമണത്തില്‍ ബഗ്ദാദിയെ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് നേരത്തെ റഷ്യ അവകാശപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല