സ്വന്തം ലേഖകന്‍: യാത്രക്കാരെ വിറപ്പിച്ച് ലണ്ടന്‍ മെട്രോയില്‍ പൊട്ടിത്തെറി, 22 പേര്‍ക്ക് പരുക്ക്, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ സബ്‌വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലാണ് സ്‌ഫോടനമുണ്ടായത്. ഇതേ ത്തുടര്‍ന്ന് സര്‍വീസുകള്‍ തല്‍ക്കാലത്തേയ്ക്കു നിര്‍ത്തിവച്ചു. കൂടുതല്‍ പേരും മുഖത്ത് പൊള്ളലേറ്റ അവസ്ഥയിലാണ്. തിക്കിലും തിരക്കിലും പെട്ടും യാത്രക്കാര്‍ക്ക് പരുക്കേറ്റു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐഎസിന്റെ വെറുപ്പാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് അമാഖ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ സംഘടന അവകാശപ്പെടുന്നു.
പ്രാദേശിക സമയം രാവിലെ എട്ടിനു നടന്ന സ്‌ഫോടനം ഭീകരാക്രമണമാണെന്ന് ബ്രിട്ടന്‍ സ്ഥിരീകരിച്ചു. ബോംബ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ മറ്റൊരു സ്‌ഫോടകവസ്തു നിര്‍വീര്യമാക്കി കൊണ്ടാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലണ്ടന്‍ മെട്രോയിലെ പാര്‍സന്‍സ് ഗ്രീന്‍ ട്യൂബ് സ്റ്റേഷനില്‍ പ്രാദേശിക സമയം രാവിലെ 8.20 ഓടെയായിരുന്നു യാത്രക്കാരെ ഞെട്ടിച്ച സ്‌ഫോടനം.
ട്രെയിനിന്റെ പിന്‍ഭാഗത്ത് ഒരു ബാഗില്‍ സൂക്ഷിച്ച ബക്കറ്റ് പൊട്ടിത്തെറിച്ചന്നായിരുന്നു ആദ്യം വിവരം. സ്ഥലത്തെത്തിയ പോലീസ് സമാനമായ മറ്റൊരു സ്‌ഫോടക വസ്തു കൂടി കണ്ടെത്തുകയും ഇത് നിര്‍വീര്യമാക്കുകയും ചെയ്തു. പൊട്ടിത്തെറി സംബന്ധിച്ച വിശദവിവരങ്ങള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ഉദ്യോഗസ്ഥരില്‍ നിന്ന് ആരാഞ്ഞിട്ടുണ്ട്. സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സൂക്ഷമമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
സ്റ്റേഷനിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരു വെയ്സ്റ്റ്ബാസ്‌കറ്റിനു തീപിടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതും സ്‌ഫോടനവും തമ്മില്‍ ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ലണ്ടന്‍ നഗരത്തില്‍ സ്‌ഫോടനമുണ്ടായേക്കുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല