സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനിലെ സിഖ് ഗുരുദ്വാരക്ക് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ്.ഐ.എസ് ഏറ്റെടുത്തു. പ്രവാചകനിന്ദക്കുള്ള മറുപടിയാണ് ആക്രമണമെന്ന് ഐ.എസ് വിശദീകരിച്ചു. ഹിന്ദുക്കളേയും സിഖുകാരേയും ലക്ഷ്യമിട്ടാണ് ശനിയാഴ്ചത്തെ ആക്രമണമാണ് നടത്തിയതെന്നും ഐ.എസ് അവരുടെ ആശയ പ്രചാരണത്തിനായി ഉപയോഗിക്കുന്ന വെബ്സൈറ്റുകളിലൊന്നിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
കാബൂളിലെ സിഖ് ഗുരുദ്വാരയിലുണ്ടായ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഏഴുപേർക്ക് പരിക്കുണ്ട്. സ്ഫോടക വസ്തു നിറച്ചുവന്ന വാഹനം സുരക്ഷ ജീവനക്കാരന് തടയാനായത് വൻ ദുരന്തം ഒഴിവാക്കി. മൂന്ന് അക്രമികളെ താലിബാൻ സേന വെടിവെച്ചുകൊന്നു.
ശനിയാഴ്ച രാവിലെയാണ് കർതെ പർവാൺ ഗുരുദ്വാരയിൽ ആക്രമണമുണ്ടായത്. തുടർന്ന് ഭീകരവാദികളും താലിബാൻകാരും തമ്മിൽ വെടിവെപ്പുണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിൽ താലിബാൻ നിയമിച്ച വക്താവ് അബ്ദുൽ നാഫി ടാകോർ പറഞ്ഞു. ആക്രമണ സംഘത്തിൽ എത്രപേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ടവരിൽ ഒരാൾ ‘ഇസ്ലാമിക് എമിറേറ്റ് ഫോഴ്സ്’ അംഗവും മറ്റൊരാൾ അഫ്ഗാനിലെ സിഖ് സമൂഹത്തിൽപെട്ടയാളുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല