സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആദ്യ കേസ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തു. ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ കേസാണിത്. മലപ്പുറം ജില്ലയിലെ കരിപ്പൂര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കോഴിക്കോട് സ്വദേശി റിയാസുര്‍ റഹ്മാനെതിരെയാണ് കേസ്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തതിനാണ് കേസ്. മലപ്പുറം പോലീസ് സൂപ്രണ്ട് ദേബേഷ്കുമാര്‍ ബഹ്റക്കാണ് അന്വേഷണ ചുമതല.
മാസങ്ങള്‍ക്ക് മുമ്പ് യു എ ഇയിലെ റാസല്‍ ഖൈമയിലെ ജോലി സ്ഥലത്ത് നിന്ന് കാണാതായ റിയാസുര്‍ റഹ്മാനെ കുറിച്ച് യുഎഇ പോലീസാണ് സംസ്ഥാന പോലീസിന് വിവരം നല്‍കിയത്. ഇയാള്‍ ഇപ്പോള്‍ സിറിയയിലുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.
2009 ലാണ് അവസാനമായി നാട്ടിലെത്തിയതെങ്കിലും ഇടക്ക് വീട്ടിലേക്ക് വിളിക്കാറുണ്ട്. റിയാസുര്‍ റഹ്മാനുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നാല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവരിലൊരാള്‍ റിയാസിന്റെ സഹോദരനാണ്. ഇയാള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമില്ലെങ്കിലും ചോദ്യം ചെയ്യലില്‍ പല നിര്‍ണായക വിവരങ്ങളും ലഭിച്ചതായാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല