സ്വന്തം ലേഖകൻ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തടവിൽ നിന്ന് മോചിതയായ യസീദി വനിത ഫൗസിയ അമിൻ സിഡോ. നിരവധി യസീദികൾക്കൊപ്പം തന്നെയും തട്ടിക്കൊണ്ടുപോയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ യസീദി കുഞ്ഞുങ്ങളുടെ മാംസം ഭക്ഷണമായി നൽകിയതെന്നാണ് ഫൗസിയ അമിൻ വെളിപ്പെടുത്തിയത്. ഒരു ദശാബ്ദത്തിലേറെയായി തടവിലായിരുന്ന ഫൗസിയ അമിൻ മോചിതയായതിന് പിന്നാലെ ബ്രിട്ടീഷ് ഡോക്യുമെൻ്ററി സംവിധായകൻ അലൻ ഡങ്കനുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ഐഎസ് അതിക്രമങ്ങളെക്കുറിച്ച് സംസാരിച്ചത്.
താൻ സിറിയയിലായിരുന്ന കാലത്ത് ഭീകരർ കുഞ്ഞുങ്ങളുടെ മാംസം ഭക്ഷിക്കാൻ തന്നുവെന്നും മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തുവെന്നും അവർ ആരോപിച്ചു. ‘ഭക്ഷണം തരാമെന്ന് അവർ ഞങ്ങളോട് പറഞ്ഞു. ചോറും ഇറച്ചിയും ഞങ്ങൾക്ക് കഴിക്കാനായി നൽകി. പക്ഷേ. മാംസത്തിന് വിചിത്രമായ സ്വാദായിരുുന്നു. അത് കഴിച്ചതിനുശേഷം ഞങ്ങളിൽ ചിലർക്ക് വയറ്റിൽ അസ്വസ്ഥത അനുഭവപ്പെട്ടു’- ഫൗസിയയെ ഉദ്ധരിച്ച് ദി സണ്ണും ജെറുസലേം പോസ്റ്റും റിപ്പോർട്ട് ചെയ്തു.
‘ഞങ്ങൾ ഭക്ഷണം കഴിച്ച് പൂർത്തിയാക്കിയപ്പോൾ, ഇത് യസീദി കുഞ്ഞുങ്ങളുടെ മാംസമാണെന്ന് അവർ ഞങ്ങളോട് പറഞ്ഞു. അവർ ഞങ്ങളെ ശിരഛേദം ചെയ്ത കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ കാണിച്ചു. ഇവരെയാണ് നിങ്ങൾ ഇപ്പോൾ കഴിച്ചതെന്ന് പറഞ്ഞു. ആ കുഞ്ഞുങ്ങളുടെ അമ്മമാരും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. ഒരു അമ്മ സ്വന്തം കുഞ്ഞിനെ അതിൻ്റെ കൈകൾ നേക്കി തിരിച്ചറിഞ്ഞു- ഫൗസിയ കൂട്ടിച്ചേർത്തു.
2014-ൽ ഒമ്പത് വയസ്സുള്ള ഫൗസിയയെ രണ്ട് സഹോദരന്മാർക്കൊപ്പമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരർ പിടികൂടുന്നത്. ഇക്കാലഘട്ടത്തിൽ ഇറാഖിലെ സിൻജാർ മേഖലയിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ 6,000-ലധികം യസീദികളെ പിടികൂടിയിരുന്നു. ഇസ്രയേലി ഡിഫൻസ് ഫോഴ്‌സും (ഐഡിഎഫ്) യുഎസ് എംബസിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെ രണ്ടാഴ്ച മുമ്പാണ് ഗാസയിൽ നിന്ന് ഫൗസിയയെ രക്ഷപെടുത്തിയത്. പിന്നാലെ വടക്കൻ ഇറാഖിലെ സിൻജാർ പ്രദേശത്തെ കുടുംബത്തിനൊപ്പം ഫൗസിയ പോകുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല