1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2019

സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ പ്രവിശ്യ സ്ഥാപിച്ചതായി ഐസിസിന്റെ അവകാശവാദം; കശ്മീരിലാണെന്ന് സൂചന. ഇന്ത്യയില്‍ പ്രവിശ്യ സ്ഥാപിച്ചതായി ആഗോള ഭീകര സംഘടനയായ ഐസിസിന്റെ അവകാശവാദം. പ്രവിശ്യക്ക് ‘വിലായ ഓഫ് ഹിന്ദ്’ (ഇന്ത്യയിലെ പ്രവിശ്യ) എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരം ഐസിസ് വാര്‍ത്താ ഏജന്‍സിയായ ‘അമാഖ്’ ആണ് പുറത്തു വിട്ടിരിക്കുന്നത്. കശ്മീരിലാണ് ഈ പ്രവിശ്യയെന്നും സൂചനയുണ്ട്. ഇന്ത്യയില്‍ പ്രവിശ്യ സ്ഥാപിച്ചതായി ഐസിസ് ആദ്യമായാണ് അവകാശപ്പെടുന്നത്.

ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ അംഷിപോറയില്‍ വെള്ളിയാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഐസിസ് ബന്ധമുള്ള ഇഷ്ഫാഖ് അഹമ്മദ് സോഫിയെ സുരക്ഷാസേന വധിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം വന്നത്. ഏറ്റുമുട്ടലില്‍ സൈനികര്‍ക്ക് ഐ.എസ് നാശനഷ്ടം വരുത്തിയതായും ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. അതേസമയം, പത്ത് വര്‍ഷത്തിലേറെയായി കശ്മീരിലെ വിവിധ ഭീകര ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സോഫി പിന്നീട് ഐസിസിലേക്ക് മാറുകയായിരുന്നു എന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

ശ്രീനഗറിലെ ഐസിസ് അനുഭാവമുള്ള ഒരു മാസികയ്ക്ക് സോഫി നല്‍കിയ ഇന്റര്‍വ്യൂവിലും ഇയാളുടെ ഐസിസ് ബന്ധം വെളിപ്പെടുത്തിയിരുന്നു. സുരക്ഷാ സേനയ്ക്ക് നേരെ നടന്ന നിരവധി ഗ്രനേഡ് ആക്രമണങ്ങളില്‍ ഇയാള്‍ പങ്കാളിയായിരുന്നു. കാശ്മീരില്‍ അവശേഷിച്ച ഏക ഐസിസ് ഭീകരനായിരിക്കാം സോഫി എന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.