സ്വന്തം ലേഖകന്‍: സിറിയയില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ വനിതയെ ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അല്‍ ബാഗ്ദാദി പലതവണ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട അമേരിക്കന്‍ വനിത കായ്‌ല മീലറെയാണ് അബുബക്കര്‍ അല്‍ ബഗ്ദാദി തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്തതായി പേരു വെളിപ്പെടുത്താത്ത അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രമായ ഇന്‍ഡിപ്പന്‍ഡന്റാണ് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍, ഇക്കാര്യത്തില്‍, വൈറ്റ് ഹൗസോ അമേരിക്കന്‍ വിദേശ കാര്യ വകുപ്പോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2013 ലാണ് മീലറെ സിറിയയിലെ ആലപ്പോയില്‍നിന്ന് രണ്ട് യസീദി പെണ്‍കുട്ടികള്‍ക്കൊപ്പം ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയത്. അന്ന് 24 വയസ്സായിരുന്ന മീലര്‍ സമാധാന ഏജന്‍സിയുടെ പ്രവര്‍ത്തകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ജോര്‍ദാന്‍ ഐസിസ് കേന്ദ്രത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മീലര്‍ കൊല്ലപ്പെട്ടതായാണ് യു.എസ് ഏജന്‍സികളുടെ റിപ്പോര്‍ട്ട്.
മീലര്‍ക്കൊപ്പം തടവിലായിരുന്ന യസീദി പെണ്‍കുട്ടികള്‍ തടവില്‍നിന്നു രക്ഷപ്പെട്ട ശേഷം അമേരിക്കന്‍ സൈനികരുടെ പിടിയിലായിരുന്നു. ഇവരാണ് ബഗ്ദാദി മീലറെ ബലാല്‍സംഗം ചെയ്തുവെന്ന് അറിയിച്ചത് എന്നാണ് റിപ്പോര്‍ട്ട്. പേരു വെളിപ്പെടുത്താത്ത അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ടിലുള്ളത്.
ഐസിസിന്റെ നേതാവായിരുന്ന അബു സയ്യാഫിന്റെ അല്‍ ശദാദിയയയിലെ വീട്ടിലായിരുന്നു മീലറെയും തങ്ങളെയും തടവില്‍ പാര്‍പ്പിച്ചതെന്ന് യസീദി പെണ്‍കുട്ടികള്‍ സൈനിക ഉദ്യോഗസ്ഥരെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അബു സയ്യാഫ് തങ്ങളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ മീലറായിരുന്നു രക്ഷിക്കാന്‍ ശ്രമിച്ചത്. ഐസിസ് നേതാവ് ബഗ്ദാദി സയ്യാഫിന്റെ വീട്ടിലെത്തി മീലറെ പല വട്ടം ബലാല്‍സംഗം ചെയ്തതായും യസീദി പെണ്‍കുട്ടികള്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടികള്‍ നല്‍കിയ വിവരം മീലറുടെ രക്ഷിതാക്കളെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വിവരമറിഞ്ഞ ശേഷം അമേരിക്കന്‍ സൈന്യത്തിലെ ഡെല്‍റ്റ ഫോഴ്‌സ് സയ്യാഫിന്റെ വീട് ആക്രമിക്കുകയും സയ്യാഫിനെ വധിക്കുകയും ഭാര്യ ഉമ്മു സയ്യാഫിനെ പിടികൂടുകയും ചെയ്തു. എന്നാല്‍, മീലറെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീടാണ് മീലര്‍ ഈ സ്ഥലത്തുനിന്നും ഏറെ അകലെയുള്ള ഐസിസ് ആസ്ഥാനമായ റഖയിലുള്ള ആയുധപ്പുരയില്‍ ജോര്‍ദാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല