സ്വന്തം ലേഖകന്‍: പാകിസ്താനില്‍ തട്ടിക്കൊണ്ടുപോയ രണ്ടു ചൈനീസ് പൗരന്മാരെ കൊലപ്പെടുത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ്. കഴിഞ്ഞ മാസം പാകിസ്താനിലെ സൗത്ത് വെസ്റ്റേണ്‍ ബലൂചിസ്താന്‍ പ്രവിശ്യയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ചൈനീസ് വംശജരായ അധ്യാപകരെ വധിച്ചുവെന്നാണ് ഐസിസിന്റെ അവകാശവാദം. ഐസിസിന്റെ അമാഖ് വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്.
പാക്സിതാനില്‍ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പാകിസ്താന് കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് പുതിയ സംഭവ വികാസം. എന്നാല്‍ അമാഖ് പുറത്തുവിട്ട വിവരം അന്വേഷിക്കുമെന്നാണ് ചൈനയുടെ പ്രതികരണം. പോലീസ് വേഷം ധരിച്ചെത്തിയ ആയുധധാരിയാണ് ബലൂചിസ്താന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ നിന്ന് രണ്ട് ഭാഷാ അധ്യാപകരെ തട്ടിക്കൊണ്ടുപോകുന്നത്. മെയ് 24നായിരുന്നു സംഭവം.
പാകിസ്താനില്‍ ചൈനീസ് പൗരന്മാര് നേരിടുന്ന സുരക്ഷാ വീഴ്ചയാണ് സംഭവം വ്യക്തമാക്കുന്നതെന്ന് ചൈനീസ് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നതിനായി അന്വേഷണം നടത്തിവരിയാണെന്ന് ബലൂചിസ്താന്‍ സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. തട്ടിക്കൊണ്ടുപോയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തര്യിരുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി.
എന്നാല്‍ സംഭവത്തില്‍ പാക് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചിട്ടില്ല. അഫ്ഗാനിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പാകിസ്താനിലെ ചില പ്രദേശങ്ങളില്‍ ഐസിസ് താവളമുറപ്പിച്ചിട്ടുണ്ട്. മൂന്ന് ദിവസങ്ങളിലായി പാക് സൈന്യം നടത്തിയ റെയ്ഡില്‍ 12 ഐസിസ് ഭീകരരെ വധിച്ചതായി പാക് സൈന്യം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. റിപ്പോര്‍ട്ടുകള്‍ നിരീക്ഷിച്ചുവരുകയാണെന്നും സംഭവം സത്യമാണെന്ന് തെളിഞ്ഞാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ചൈന മുന്നറിയിപ്പു നല്കി.
ഇതാദ്യമായാണ് ചൈനീസ് പൗരന്മാര് പാകിസ്താനില്‍ ഭീഷണി നേരിടുന്നത്. പാക്ചൈന സാമ്പത്തിക ഇടനാഴിയുള്‍പ്പെടെ പാകിസ്താനില്‍ ചൈന വന്‍ നിക്ഷേപങ്ങള്ക്കൊരുങ്ങുന്ന സാഹചര്യത്തിലാണ് വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍, ഇത് ഈ പദ്ധതികളെ ഒരുതരത്തിലും ബാധിക്കില്ലെന്നും ചൈന അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല