1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2017

 

സ്വന്തം ലേഖകന്‍: ‘പല തവണ വില്‍ക്കപ്പെട്ടു, കൂട്ട ബലാത്സംഗത്തിന് ഇരയായി, ആത്മഹത്യ ചെയ്യാന്‍ ഞരമ്പു മുറിച്ചു. എന്നിട്ടും ഭീകരരുടെ കീഴില്‍ ഒരു ലൈംഗിക അടിമയുടെ ജീവിതം പറയാന്‍ ജീവന്‍ ബാക്കിയായി,’ ഒരു യസീദി പെണ്‍കുട്ടി മനസു തുറക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരുടെ ക്യാമ്പില്‍ ലൈംഗിക അടിമയായി ജീവിക്കേണ്ടി വന്ന യസീദി പെണ്‍കുട്ടിയായ ലാമിയ അജി ബാഷറാണ് വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുന്നത്.

15 വയസുള്ളപ്പോഴാണ് ലാമിയയെ ഭീകരര്‍ ഇറാഖിലെ തന്റെ ഗ്രാമത്തില്‍ നിന്നും തട്ടിക്കൊണ്ടു പോയത്. 2014 ആഗസ്റ്റ് 3 ന് ഐഎസ് തീവ്രവാദികളുടെ പിടിയിലായ ലാമിയക്ക് 2016 ഏപ്രിലില്‍ രക്ഷപ്പെടുവരെ ക്രൂര പീഡനത്തിന്റെ നാളുകളായിരുന്നു. ജിഹാദികളുടെ ലൈംഗിക അടിമയായിരുന്ന ഈ 20 മാസങ്ങളില്‍ ഇറാഖിലും സിറിയയിലുമായി നിരവധി ക്രൂരതകള്‍ക്ക് താന്‍ ഇരയായതായി ലാമിയ ഓര്‍ത്തെടുക്കുന്നു.

സീഞ്ഞാറിന് സമീപത്തെ കോക്കോയായിരുന്നു ലാമിയയുടെ ഗ്രാമം.
പിടിക്കപ്പെട്ട പുരുഷന്മാരെയെല്ലാം സ്‌റ്റേറ്റ് തീവ്രവാദികള്‍ കൊന്നുതള്ളി.
സ്ത്രീകളും കുട്ടികളും തടവുകാരാക്കപ്പെട്ടു. സ്ത്രീകളില്‍ വൃദ്ധരെയും യുവതികളെയും വേര്‍ തിരിച്ച ശേഷം പ്രായമായ സ്ത്രീകളെയും കൂട്ടക്കുരുതി നടത്തി. ഏകദേശം 400 പുരുഷന്മാരും 80 സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. എങ്ങും ജഡങ്ങള്‍ ചിതറിക്കിടന്നു. ‘എന്നെയും സഹോദരിയെയും കൊണ്ടുപോയത് മൊസൂളിലേക്കായിരുന്നു. വാങ്ങിയത് ഒരു സൗദി അറേബ്യയില്‍ നിന്നുള്ള ജിഹാദിയും. രണ്ടു പേരെയും മാറിമാറി മതിവരുവോളം ബലാത്സംഗം ചെയ്ത ശേഷം രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വാങ്ങിയ ചന്തയില്‍ തന്നെ കൊണ്ടുവന്നു,’ ലാമിയ പറയുന്നു.

പിന്നീട് സഹോദരിമാര്‍ വേര്‍പിരിഞ്ഞു. ലാമിഅയ വീണ്ടും പല തവണ വില്‍ക്കപ്പെടുകയും നിരവധി ഉടമകളുടെ കൈകളില്‍ ബലാത്സംഗത്തിനും പീഡനങ്ങള്‍ക്കും ഇരയാകുകയും ചെയ്തു. ഇറാഖിലും സിറിയയിലുമായി പലയിടത്തേക്കും കൊണ്ടുപോകപ്പെട്ടു. ഇതിനിടയില്‍ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവില്‍ 2016 ഏപ്രിലില്‍ സ്വന്തം അമ്മാവന്‍ 7,500 ഡോളര്‍ പ്രതിഫലം നല്‍കി ചില കള്ളക്കടത്തുകാര്‍ വഴി മോചിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ മൈന്‍ സ്‌ഫോടനത്തില്‍ ലാമിയയ്ക്ക് ഒരു കണ്ണും നഷ്ടമായി. ലൈംഗികാടിമകളില്‍ ഒരാള്‍ മൈനില്‍ ചവിട്ടുകയായിരുന്നു.

ജിഹാദികള്‍ക്കിടയിലെ ജീവിതത്തില്‍ ബോംബും സ്‌ഫോടക വസ്തുക്കളും നിര്‍മ്മിക്കുന്ന ഒരു ഇന്ത്യാക്കാരനെയും കണ്ടുമുട്ടിയതായി ലാമിയ ഓര്‍ക്കുന്നു. ഇയാള്‍ പിന്നീട് ചാവേറായി മാറിയെന്നും ലാമിയ പറയുന്നു. ഒരിക്കല്‍ മോചിപ്പിക്കപ്പെട്ടപ്പോള്‍ കുര്‍ദ്ദിഷ് നിയന്ത്രിത മേഖലയിലേക്ക് ഒളിച്ചോടുകയായിരുന്നു ലാമിയ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്റ് അനലിസിസ് സംഘടിപ്പിച്ച ഏഷ്യന്‍ സുരക്ഷാ കോണ്‍ഫറന്‍സിനെ അഭിമുഖീകരിച്ച് സംസാരിക്കുമ്പോഴാണ് ലാമിയ തന്റെ ജീവിതം ഓര്‍ത്തെടുത്തത്.

ഇപ്പോള്‍ 18 വയസ്സുള്ള ഇവര്‍ യസീദി പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരേ പോരാടുകയു ഇപ്പോഴും ഐഎസിന്റെ തടവിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും മോചനത്തിനായുള്ള ശ്രമത്തിലുമാണ്. ഐഎസിനെതിരായ ധീരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിസംബറില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് സ്വതന്ത്ര ചിന്തകര്‍ക്ക് നല്‍കാറുള്ള സഖറോവ് പുരസ്‌ക്കാരത്തിന് ലാമിയ അര്‍ഹയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.