സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന് പാകിസ്താനില്‍ നിരോധനം ഏര്‍പ്പെടുത്തി, നടപടി വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പാക്കിസ്ഥാനില്‍ സജീവമാണെന്ന അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ പാക്ക് സര്‍ക്കാര്‍ തുടര്‍ച്ചയായി നിഷേധിച്ചു വരുന്നതിനിടയിലാണ് നിരോധനം. പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചു.
വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശപ്രകാരമാണ് നിരോധനമെന്നാണ് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സംഘടന നിരോധനമേര്‍പ്പെടുത്തുന്ന ഭീകരവാദ സംഘടനകളെക്കുറിച്ച് പാക്കിസ്ഥാന്‍ സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറുന്നത് ഇവരാണ്. ഇസ്‌ലാമിക് സ്റ്റേറ്റിനെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്ററുകളും ചുവരെഴുത്തുകളും പാക്കിസ്ഥാനില്‍ സാധാരണമാണ്.
നേരത്തെ, പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസ്‌ലാമിക് സ്റ്റേറ്റിന് വേരോട്ടം ലഭിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവിടങ്ങളില്‍ ശക്തമായ സാന്നിധ്യമായിരുന്ന ഭീകരസംഘടനകളായ അല്‍ ഖായ്ദയെയും താലിബാനെയും ദുര്‍ബലപ്പെടുത്തിക്കൊണ്ട് ഐഎസ് വേരോട്ടം നേടുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.
താലിബാന്‍ നേതൃത്വത്തിന്റെ ഭാഗമായിരുന്ന ഒട്ടേറെ ഭീകരര്‍ കഴിഞ്ഞ വര്‍ഷം താലിബാന്‍ വിട്ട് ഐഎസില്‍ ചേര്‍ന്നിരുന്നു. താലിബാന്റെ പരമോന്നത നേതാവായിരുന്ന മുല്ല മുഹമ്മദ് ഒമറിന്റെ മരണവും മേഖലയില്‍ ഐഎസിന്റെ വളര്‍ച്ചക്ക് കാരണമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല